Section

malabari-logo-mobile

രുചിഭേദങ്ങളുമായി തേന്‍ വിഭവങ്ങള്‍

HIGHLIGHTS : തിരുവനന്തപുരം: തേന്‍ കഴിച്ചാല്‍ മധുരം മാത്രമറിഞ്ഞ നാവിന് ഇനി മുതല്‍ പലവിധ രുചികളറിയാം. ചക്ക, കൈതച്ചക്ക, ഞാവല്‍, എന്നിവയും തേനുമായി സംയോജിക്കുന്ന അത...

തിരുവനന്തപുരം: തേന്‍ കഴിച്ചാല്‍ മധുരം മാത്രമറിഞ്ഞ നാവിന് ഇനി മുതല്‍ പലവിധ രുചികളറിയാം. ചക്ക, കൈതച്ചക്ക, ഞാവല്‍, എന്നിവയും തേനുമായി സംയോജിക്കുന്ന അതിമധുരത്തിന് പുറമെ കാന്താരിയുടെയും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും എരിവും രുചിയും കൂടി തേനില്‍ നിന്നും നുകരാം.

തേന്‍ വിപണന രംഗത്ത് പുതിയ രുചിഭേദങ്ങളുമായി എത്തിയിരിക്കുകയാണ് ഹോര്‍ട്ടികോര്‍പ്പ്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങളായ ചക്ക, കൈതച്ചക്ക, ഞാവല്‍, പാഷന്‍ ഫ്രൂട്ട്, മുട്ടിപ്പഴം എന്നിവ തേനില്‍ സംസ്‌കരിച്ച് തയാറാക്കിയ മൂല്യവര്‍ധിത തേന്‍ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഔഷധഘടകങ്ങള്‍ ഏറെയുള്ള പഴവര്‍ഗങ്ങളും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ സംയോജിക്കുന്നതോടെ തേനിന്റെ ഔഷധമൂല്യം ഇരട്ടിയാകുമെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരം ഉറപ്പു വരുത്തി മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് ഹോര്‍ട്ടികോര്‍പ്പ് ശ്രമിക്കുന്നത്. ഇതിന്റെ നേട്ടം നേരിട്ട് കര്‍ഷകരിലേക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശേഷി ഉയര്‍ത്തുന്നതിനും ഉത്തമമാണ് ഞാവല്‍ത്തേന്‍. പാരമ്പര്യ ചികിത്സകളില്‍ ഉപയോഗിച്ചു വരുന്നതാണ് മുട്ടിപ്പഴം. പഴവര്‍ഗങ്ങള്‍ക്കു പുറമെ കാന്താരി, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ തേന്‍ ഉത്പന്നങ്ങളും ഉടന്‍ വിപണിയിലെത്തും. ഇവ തേനില്‍ സംസ്‌കരിച്ചാണ് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചത്തേന്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഹണി പ്രോസസിംഗ് പ്ലാന്റില്‍ സംസ്‌കരിച്ച് അമൃത് ഹണി എന്ന പേരില്‍ ഇതിനകം തന്നെ ലഭ്യമാക്കുന്നുണ്ട്. ഈ പ്ലാന്റില്‍ നിന്നുമാണ് പുതിയ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം 35 മെട്രിക് ടണ്‍ തേന്‍ ഇതിനകം ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചിട്ടുണ്ട്. മാവേലിക്കര തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ ആധുനിക രീതിയിലുള്ള തേന്‍ സംസ്‌കരണ തേന്‍ പാക്കിംഗ് യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ രത്തന്‍ യു. ഖേല്‍ക്കര്‍, ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!