Section

malabari-logo-mobile

വട്ടപ്പാറയില്‍ റോഡ് സുരക്ഷ ശക്തമാക്കും:ഇന്ന് മുതല്‍ 24 മണിക്കൂര്‍ എയ്ഡ് പോസ്റ്റ്

HIGHLIGHTS : മലപ്പുറം:വട്ടപ്പാറ വളവില്‍ അപകടമൊഴിവാക്കാന്‍ നടപടികളുമായി ജില്ല ഭരണകൂടം. റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ ...

മലപ്പുറം:വട്ടപ്പാറ വളവില്‍ അപകടമൊഴിവാക്കാന്‍ നടപടികളുമായി ജില്ല ഭരണകൂടം. റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഇന്ന്(ഒക്ടോബര്‍ 15) മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇത് വഴി കടന്ന് പോകുന്ന മുഴുവന്‍ ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണം നല്‍കും. എയ്ഡ് പോസ്റ്റില്‍ വാഹനങ്ങള്‍ തടഞ്ഞതിന് ശേഷമായിരിക്കും ബോധവത്കരണം നല്‍കുക. വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് നോട്ടീസും ഡ്രൈവര്‍മാര്‍ക്ക് നല്‍കും. ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. പരിശീലനം നേടിയ ഡ്രൈവര്‍മാര്‍ മാത്രമേ വട്ടപ്പാറ വഴി പോകാവൂ.

sameeksha-malabarinews

ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമാണ്. രണ്ട് ഡ്രൈവര്‍മാരില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍പ്പെട്ട വാഹനങ്ങളിലെല്ലാം ഒരു ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. രാത്രി സമയത്ത് ഡ്രൈവര്‍മാര്‍ ഉറങ്ങുന്നത് ഒഴിവാക്കാന്‍ എയ്ഡ് പോസ്റ്റില്‍ കട്ടന്‍ ചായ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അടിയന്തരമായി സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കഞ്ഞിപ്പുര മുതല്‍ ഒരോ അഞ്ഞൂറ് മീറ്ററിലും ബ്ലിങ്കറുകളും സ്ഥാപിക്കും. പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റ് ഉടന്‍ അറ്റക്കുറ്റപ്പണി നടത്താന്‍ വളാഞ്ചേരി നഗരസഭക്ക് കലകടര്‍ നിര്‍ദേശം നല്‍കി. വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. റോഡരികില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ റുഫീന, ജില്ല പൊലീസ് മേധാവി യു.അബ്ദുല്‍ കരീം, സബ് കലക്ടര്‍ കെ.എസ് അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ആര്‍.ടി.ഒ അനൂപ് വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!