വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ കീഴ്‌ക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആറ് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. ഡിഎച്ച്ആര്‍എം നേതാക്കള്‍ പ്രതികളായ കുപ്രസിദ്ധമായ കേസില്‍ പ്രതികളെ നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാനായില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.
ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍മാന്‍ ആലുവ സ്വദേശി സെല്‍വരാജ്, വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറുന്നിയൂര്‍ സ്വദേശി സജി (മധു), കൊല്ലം മുട്ടക്കാവ് ചേരി സ്വദേശി തൊടുവേ സുധി, വര്‍ക്കല സ്വദേശി സുധി, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ (സുനില്‍) എന്നിവരാണ് പ്രതികള്‍.
2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ 5.30 നാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണങ്ങളിലൂടെ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന ശ്രദ്ധിക്കപ്പെടുമെന്ന് വിശ്വസിച്ചും സംഘടനയുടെ അംഗബലം ബോധ്യപ്പെടുത്താനുമാണ് പ്രതികള്‍ ക്രൂരതകാട്ടിയത് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.




