പുതുപെണ്ണായി പുയ്യാപ്ലയോടൊപ്പം ‘പഠിപ്പിച്ച’ സ്‌കൂളിന്റെ പടിയിറങ്ങി ഹെട്ടീച്ചറ്

തിരൂര്‍: മലപ്പുറത്തിന്റെ തനിമയൂറുന്ന ഒപ്പനപ്പാട്ടിന്റെ ശീലുകള്‍ക്കൊത്ത് താളം പിടിച്ച് മണവാട്ടിയായി യാത്രയയപ്പ് വേദിയിലെത്തിയ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കണ്ട് കുട്ടികള്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ ഉയര്‍ന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്‌നേഹവും ആവേശവും നിറഞ്ഞ കയ്യടികളായിരുന്നു

പരിയാപുരം എ എംഎല്‍പി സ്‌ക്കൂളില്‍ 32 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച പ്രധാന അധ്യാപിക രമാദേവി ക്കുള്ള യാത്രയയപ്പാണ് കൗതുകവും ആവേശവുമായത്.

സ്‌കൂള്‍ വാര്‍ഷികഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് മെമ്പര്‍മാരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് നടത്തിയ ഒപ്പനയില്‍ മണവാട്ടിയായാണ് ടീച്ചര്‍ വേദിയില്‍ എത്തിയത്. ഒപ്പനയുടെ അവസാനം പുതിയാപ്ലയുടെ റോളില്‍ ടീച്ചറുടെ ഭര്‍ത്താവ് പ്രകാശന്‍ തന്നെ വേദിയിലെത്തുകയും ടീച്ചറുടെ കരം പിടിച്ച് വേദി വിടുകയും ചെയ്തതോടെ സദസ്സാകെ എഴുനേറ്റ് കരഘോഷം മുഴക്കുകയായിരുന്നു.
വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സാഹിത്യകാരന്‍ കെ എക്‌സ് ആന്റോ ഉദ്ഘാടനം ചെയ്തു. സുനില്‍ മാനാത്ത് അധ്യക്ഷനായി. എ പി സുനന്ദ, വി തങ്കമണി, ബഷീര്‍ കൊടക്കാട്, പി കുഞ്ഞിമൂസ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top