തിരൂരില്‍ വന്‍ തീപിടുത്തം;സ്‌പ്രേപെയിന്റ് കടയും ആക്രിക്കടയും കത്തിനശിച്ചു

തിരൂര്‍: തിരൂരില്‍ വന്‍ തീപിടുത്തം. ചമ്രവട്ടം പെരുന്തല്ലൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌പ്രേപെയിന്റ് കടയ്ക്കും പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയക്കുമാണ് രാവിലെ ഒമ്പതുമണിയോടെ തീ പിടിച്ചത്. അപകടത്തില്‍ കടകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. സ്‌പ്രേപെയിന്റ് കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്.

അപകടമുണ്ടായ കടനടത്തുന്നത് തമിഴ്‌നാട് സ്വദേശികളാണ്. രണ്ട് കടകളില്‍ നിന്നുമായി രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കടകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. അതെസമയം അപകട കാരണം വ്യക്തമല്ല.

അപകടത്തെ തുടര്‍ന്ന് തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും എത്തിയ മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് തീ അണച്ചത്. ഒന്നര മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ സ്‌റ്റേഷന്‍ ഓഫീസര്‍ പ്രമേദിന്റെയും അസി.ഓഫീസര്‍ രവീന്ദ്രന്‍, അബ്ദുള്‍ സലാം, അനില്‍കുമാര്‍ എന്നിവരുടെയും നാട്ടുകാരുടെയും ശ്രമത്തിനൊടുവില്‍ തീ അണച്ചത്.

അതെസമയം തീപിടിച്ച കടകള്‍ക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles