മലപ്പുറത്ത് വേറിട്ട വനിതാ ദിനാഘോഷം

വനിതാ പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിനികളും വനിതാ മാധ്യമപ്രവര്‍ത്തകരും ഒരുമിച്ച സൗഹൃദ സംവാദം ശ്രദ്ധേയമായി. സുരക്ഷയും തുല്യതയും പ്രമേയമായ വനിതാ ദിനത്തില്‍ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സംവാദം ശ്രദ്ധേയമായി. ജില്ലയിലെ ആദ്യ വനിത പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങള്‍ക്കൊപ്പം മലപ്പുറം സര്‍ക്കാര്‍ വനിതാ കോളേജിലെ വിദ്യാര്‍ഥിനികളും ജില്ലാ ആസ്ഥാനത്തെ വനിതാ മാധ്യമ പ്രവര്‍ത്തകരും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ വനിതാ ജീവനക്കാരും പങ്കെടുത്ത സൗഹൃദ സംവാദം ആനുകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. പോലീസിന്റെ സമീപന രീതികളും മാധ്യമങ്ങളുടെ ഇടപെടലുകളും നയങ്ങളുമെല്ലാം വിദ്യാര്‍ഥിനികള്‍ ചര്‍ച്ചയാക്കിയപ്പോള്‍ സംവാദം സജീവമായി.

സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു സാമൂഹ്യ സമത്വം ഉറപ്പാക്കാന്‍ വനിതാ സമൂഹം തയ്യാറാവണമെന്ന പൊതു വികാരമാണ് ചര്‍ച്ചയിലുയര്‍ന്നത്. വനിതാ ജീവനക്കാരുടെ കൂട്ടായ്മയൊരുക്കിയ വ്യത്യസ്തമായ പരിപാടി കേക്കു മുറിച്ച് മധുരം പങ്കിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ പോലീസിംഗ് രീതികളെ കുറിച്ചും വനിതാ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും വിദ്യാര്‍ഥിനികളുടെ ചോദ്യങ്ങള്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റസിയ ബംഗാളത്ത് വിശദമായി മറുപടി നല്‍കി.

സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വനിതാ പോലീസിന്റെ ക്രിയാത്മക നിര്‍ദേശങ്ങളും ശ്രദ്ധേയമായി. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള കുട്ടികളുടെ ആശങ്കകളും നിരീക്ഷണങ്ങളും മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചു. മാധ്യമ പ്രവര്‍ത്തകരായ സാനിയോ മനോമി, വി. അഞ്ജു എന്നിവര്‍ കുട്ടികളുമായി വിഷയത്തില്‍ സംവദിച്ചു. ആരോഗ്യ സുരക്ഷയെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീനയും സംസാരിച്ചു.

ആരോഗ്യ രംഗത്ത് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി ഏകോപിപ്പിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറെ പൊന്നാട അണിയിച്ചു ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ ആമുഖ പ്രഭാഷണം നടത്തി. സബ് എഡിറ്റര്‍ ടി. അനീഷ വിഷയം അവതരിപ്പിച്ചു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍. പ്രസാദ്, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്യശ്രീ, കെ.സി. രേഖാമോള്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി.പി. രമ്യ, കണ്ടന്റ് എഡിറ്റര്‍ ടി. ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top