Section

malabari-logo-mobile

വടകര കസ്റ്റഡി മരണം; എസ്. ഐ അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

HIGHLIGHTS : Vadakara custodial death; S. Two police officers including I have been arrested

കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്ഐ നിജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ കഴിഞ്ഞ ദിവസം രാത്രി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയായിരുന്നു ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നത്. ഇരുവര്‍ക്കുമെതിരെ നേരത്തെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. നിലവില്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല.

ജൂലൈയിലായിരുന്നു സംഭവം. പൊലീസ് കസ്റ്റഡിയിലിരിക്കെ സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണിരുന്നു. വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് കല്ലേരി സ്വദേശി സജീവന്‍ മരിച്ചതെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. ഈ സാഹചര്യത്തില്‍ കേസില്‍ നിര്‍ണായകമായ, പരിശോധനക്ക് അയച്ച സിസിടിവി ദൃശ്യങ്ങള്‍, വടകര പോലീസ് സ്റ്റേഷനിലെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളുടെ ഫലം വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണല്‍ ഫോറെന്‍സിക് ലബോറട്ടറിക്ക് കത്തയച്ചു.

sameeksha-malabarinews

മരണകാരണം ഹൃദയാഘാതമെന്നാണ് സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇത് കസ്റ്റഡിയില്‍ സംഭവിച്ചതാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

രാത്രിയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് സജീവനെയും സുഹൃത്തിനെയും വടകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചതിന്റെ പേരില്‍ രോഗിയാണെന്ന് പറഞ്ഞിട്ടും സജീവനെ പൊലീസ് മര്‍ദ്ദിച്ചുവെന്നും സ്റ്റേഷന് പുറത്ത് കുഴഞ്ഞുവീണിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

നെഞ്ച് വേദനിക്കുന്നു എന്ന് സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഗ്യാസിന്റെ പ്രശ്‌നം വല്ലതുമായിരിക്കും എന്ന് പറഞ്ഞ് പൊലീസ് നിസാരവല്‍ക്കരിക്കുകയായിരുന്നെന്നുമാണ് സജീവന്റെ സുഹൃത്തുക്കള്‍ ആരോപിച്ചത്.

സംഭവത്തില്‍ നേരത്തെ തന്നെ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വടകര സ്റ്റേഷനിലെ 60 പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. എസ്.എച്ച്.ഒ അടക്കമുള്ളവരെയായിരുന്നു റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി സ്ഥലം മാറ്റിയത്.

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!