60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ ഒരുക്കം; നാല് ലക്ഷം ഡോസ് വാക്സിന്‍ ഇന്ന്‌ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ 4,06,500 ഡോസ് വാക്സിന്‍ എത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്സിനുകളുമാണ് എത്തുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രം ഒരുക്കും. 300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ എടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിനേഷന്‍ പ്രക്രിയ അവലോകനം ചെയ്യുന്നതിന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് മുന്നണി പോരാളികളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് മുന്നണി പോരാളികളുടേയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വരുന്ന മുറയ്ക്ക് 60 വയസ് കഴിഞ്ഞവരുടെ രജിസ്ട്രേഷന്‍ തുടങ്ങാന്‍ സാധിക്കും.

രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ എടുക്കാന്‍ കഴിയാതെ പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഫെബ്രുവരി 27ന് മുന്‍പും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുന്‍പും എടുക്കണം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ 3,38,534 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 71,047 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ഇതുകൂടാതെ 79,115 കോവിഡ് മുന്നണി പോരാളികളും, 13,113 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. നിലവില്‍ 611 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top