Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല; സേവനങ്ങള്‍ക്കും സംരഭങ്ങള്‍ക്കുമായി സര്‍വകലാശാലയില്‍ നാല് കെട്ടിടങ്ങള്‍ 16-ന് മന്ത്രി ഉദ്ഘാടനം ചെയ്യും

HIGHLIGHTS : University of Calicut; The minister will inaugurate four buildings in the university on the 16th for services and initiatives

സേവനങ്ങള്‍ക്കും സംരഭങ്ങള്‍ക്കുമായി സര്‍വകലാശാലയില്‍ നാല് കെട്ടിടങ്ങള്‍ 16-ന് മന്ത്രി ഉദ്ഘാടനം ചെയ്യും

വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സംരഭകര്‍ക്കും സഹായകമാകുന്ന നാല് പ്രധാന കെട്ടിടങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ജനുവരി 16-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരീക്ഷാഭവനിലെ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍-ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് (ഐ.ക്യു.എ.സി.-ഡി.ഒ.ആര്‍.) കെട്ടിടം, നൂതന സംരഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി (ടി.ബി.ഐ.-ഐ.ഇ.ടി.), സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രൂണര്‍ഷിപ്പ് എന്നിവയാണ് തുറക്കാനിരിക്കുന്നത്. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ 16-ന് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാരംജ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

sameeksha-malabarinews

സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ്

വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാനും തിരക്കൊഴിവാക്കാനും വെയിലും മഴയും കൊള്ളാതെ വിശ്രമിക്കാനുമായി പരീക്ഷാഭവനില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് ഒരുങ്ങി. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. ബി.എ., ബി.എസ് സി., ബി.കോം., ബി.ടെക്., പി.ജി., ഇ.പി.ആര്‍., വിദൂരവിഭാഗം എന്നിവയ്ക്കായി എട്ട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഇതിന് പുറമെ ചലാന്‍ അടയ്ക്കുന്നതിനും ഫോം വിതരണത്തിനും കൗണ്ടറുകളുണ്ടാകും. ഓരോ സെക്ഷനിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വിശദമാക്കുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനായി മൂന്ന് സ്‌ക്രീനുകളും ഇവിടെ സജ്ജമാണ്. ദിവസവും ശരാശരി നാന്നൂറോളം പേര്‍ ഇപ്പോള്‍ ഫ്രണ്ട് ഓഫീസില്‍ നേരിട്ട് സേവനം തേടിയെത്തുന്നുണ്ട്. ഒരേസമയം 60 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, മുലയൂട്ടല്‍ മുറി, കുടിവെള്ള സൗകര്യം എന്നിവ ഉള്‍പ്പെടെ ഭിന്നശേഷീ സൗഹൃദമായാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്.

ആശയങ്ങള്‍ക്ക് ചിറകേകാന്‍ ടി.ബി.ഐ-ഐ.ഇ.ടി., സി.ഐ.ഇ.

നൂതന സാങ്കേതിക സംഭരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നതാണ് ടി.ബി.ഐ.-ഐ.ഇ.ടി. (ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി) വ്യവസായ സംരഭങ്ങളെയും അക്കാദമിക് മേഖലയെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. നൂതന സംരഭകര്‍ക്ക് ഓഫീസ്, ഇന്റര്‍ നെറ്റ് സൗകര്യങ്ങളും കമ്പനി രജിസ്ട്രേഷന്‍, വിവിധ ഗ്രാന്റുകള്‍ ലഭ്യമാക്കല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവയ്ക്കുമുള്ള സഹായങ്ങള്‍ ഇവിടെ ലഭ്യമാകും. കാലിക്കറ്റ് സര്‍വകലാശാലാ ചെനക്കല്‍ റോഡില്‍ ആണ് ഇതിനുള്ള കെട്ടിടം. ഒരേ സമയം 30 സംരംഭകര്‍ക്ക് വരെ ഇവിടെ പ്രവര്‍ത്തന സൗകര്യമുണ്ടാകും. നിലവില്‍ അഞ്ച് സ്ഥാപനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഐ.ടി., മീഡിയ, ആരോഗ്യം, കായികം തുടങ്ങിയ മേഖലകള്‍ക്കാണ് പ്രാധാന്യം.

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രൂണര്‍ഷിപ്പ് (സി.ഐ.ഇ.) വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും നൂതനാശയങ്ങളും സംരഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് പദ്ധതി. എണ്ണായിരം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തില്‍ പകുതിയിലേറ സ്ഥലവും ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിനുള്ളതാണ്. 64 പേര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്ഥലമുണ്ട്. ഫാബ്രിക്കേഷന്‍ ലാബിനും ഫര്‍ണിച്ചറിനുമായി 50 ലക്ഷം രൂപയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയത്. നീതി ആയോഗിന് കീഴിലുള്ള അടല്‍ കമ്യൂണിറ്റി ഇന്നൊവേഷന്‍ സെന്റര്‍ വഴി അഞ്ച് കോടി രൂപ പ്രോജക്ട് ധനസഹായത്തിന് സി.ഐ.ഇയെ തിരഞ്ഞെടുത്തിട്ടുണ്ട്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുകയാണ് സി.ഐ.ഇയുടെ കടമ.

ഐ.ക്യു.എ.സി. കെട്ടിടം

സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഐ.ക്യു.എസി. സംവിധാനത്തിനും ഗവേഷണ ഡയറക്ടറേറ്റിനുമായി ഭരണകാര്യാലയത്തിന് പിന്നിലായാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 1260 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിന് 3.35 കോടി രൂപയാണ് ചെലവ്. സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കെട്ടിടം.

ഫോറൻസിക് സയൻസ് ശില്പശാല 

കേരള പോലീസ് അക്കാദമിയിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫോറെൻസിക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ വെച്ച് “Advancement in new psychoactive substance (NPS) Analyses : unveiling detection strategies” എന്ന വിഷയത്തിൽ ഒരു ദ്വിദിന ശില്പശാല നടത്തി. വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും, ഫോറൻസിക് സയൻസ് വകുപ്പ് മേധാവിയുമായ ഡോ. ഇ. ശ്രീകുമാരൻ അധ്യക്ഷത വഹിച്ചു. പോലീസ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി. ഗോപേഷ് അഗ്ഗ്രവാൾ ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തി, പോലീസ് അക്കാദമി അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഐശ്വര്യ പ്രശാന്ത്‌ ദോങ്ഗ്രെ ഐ.പി.എസ്, ട്രെയിനിങ് അസിസ്റ്റന്റ് ഡയറക്ടർ കെ. ഇ. ബൈജു ഐ.പി.എസ്., പോലീസ് സയൻസ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ്‌ ആരിഫ്, വിശിഷ്ടാതിഥികളെ ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഫോറൻസിക്‌ സയൻസ് വകുപ്പ് മേധാവി ടി. അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന ഫോറെൻസിക് സയൻസ് ലബോറട്ടറി, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി എന്നിവടങ്ങളിലെ സയന്റിഫിക് ഓഫീസർമാർ, വിവിധ കോളേജുകളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ശില്പശാലയുടെ ഭാഗമായി. രാജ്യത്തിന്റെ വിവിധഭാഗത്തുനിന്നുള്ള ഫോറെൻസിക് ടോക്സിക്കോളജി മേഖലയിലെയും നിയമ മേഖലയിലെയും വിദഗ്ധർ ശില്പശാലയിൽ പങ്കെടുത്തു. കൊച്ചി അമൃത മെഡിക്കൽ വിശ്വ വിദ്യാപീഠത്തിലെ ഫോറൻസിക് മെഡിസിൻ ആൻഡ് മെഡിക്കൽ ടോക്സികോളജി വകുപ്പ് മേധാവി ഡോ. വി.വി പിള്ള, കുസാറ്റ് ലീഗൽ സ്റ്റഡീസ് സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസർ അനീഷ് വി.പിള്ള, എയിംസ് ന്യൂ ഡൽഹി ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സികോളജി വകുപ്പ് മേധാവി ഡോ. അശോക് കുമാർ ജയിസ്വാൾ, നാർകോട്ടിക്സ് കൺട്രോൾ ബ്യുറോ ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് മേഖലയിലെ കെമിക്കൽ, ഇൻസ്ട്രുമെന്റ്സ് വിതരണ കമ്പനികളിലെ സയന്റിസ്റ്റുകൾ തുടങ്ങിയവർ ക്ലാസ്സ് എടുത്തു.

അന്താരാഷ്ട്ര നാടക പഠനോത്സവം

കാലിക്കറ്റ് സർവകലാശാലയുടെ  സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ഫൈന്‍ ആര്‍ട്സ്, അന്താരാഷ്ട്ര നാടക പഠനോത്സവം (IFTS – 2024) സംഘടിപ്പിക്കുന്നു. ജനുവരി 14 മുതല്‍ 19 വരെ തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ഫൈന്‍ ആര്‍ട്സ് കാമ്പസിലാണ് പരുപാടി. വിവിധ രാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നാടകവിദ്യാലയങ്ങള്‍ പങ്കെടുക്കുന്ന ഈ പഠനോത്സവത്തില്‍ പതിനാല് യൂണിവേഴ്സിറ്റികളും ഇരുപത്തിരണ്ട് വിഷയ വിദഗ്ദ്ധരും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളും ഒത്തുചേരും. കാലിക്കറ്റ് സര്‍വ്വകലാശാലക്കൊപ്പം, കേരള കലാമണ്ഡലം, ഷേര്‍ഗില്‍ സുന്ദരം ആര്‍ട്സ് ഫൗണ്ടേഷന്‍, റാസ ഫൗണ്ടേഷന്‍, കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍, കില, ജപ്പാന്‍ ഫൗണ്ടേഷന്‍, കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്സ്, ചേതന മീഡിയ, ഭാരതേന്ദു നാട്യ അക്കാദമി, അംബ ഡാല്‍മിയ ഫൗണ്ടേഷന്‍, കലാ അക്കാദമി ഗോവാസ് കോളേജ് ഓഫ് തിയേറ്റര്‍ ആര്‍ട്സ്, ഇസാഫ് എന്നിവര്‍ സഹകരിക്കുന്ന ഈ വര്‍ഷത്തെ പഠനോത്സവത്തിന്‍റെ വിഷയം “പരിസ്ഥിതി”യാണ്. ജനുവരി 14 ഞായര്‍ വൈകീട്ട് 5 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം. കെ. ജയരാജ് അധ്യക്ഷത വഹിക്കും. പദ്മശ്രീ ചെറുവയല്‍ രാമന്‍ മുഖ്യാതിഥി ആകും

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം 

17-ന്  നടക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ, മൂന്നാം സെമസ്റ്റർ പി.ജി. CBCSS നവംബർ 2023, CBCSS നവംബർ 2022 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ പരീക്ഷാ കേന്ദ്രമായുള്ള വിദ്യാർത്ഥികളുടെ (അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ ഉൾപ്പെടെ) പരീക്ഷാ കേന്ദ്രം ലിറ്റിൽ ഫ്ലവർ കോളേജ്, ഗുരുവായൂരിലേക്ക് മാറ്റിയിരിക്കുന്നു. ശ്രീകൃഷ്ണ കോളേജ് കേന്ദ്രമായുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം ഹാൾടിക്കറ്റുമായി ലിറ്റിൽ ഫ്ലവർ കോളേജിൽ പരീക്ഷക്ക് ഹാജരാവേണ്ടതാണ്.

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ:- പ്രീ-റിക്രൂട്ട്മെന്റ് കായിക പരിശീലന പദ്ധതി

കാലിക്കറ്റ്‌ സർവ്വകലാശായിൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന യൂണിഫോം സേനകളിലേക്കുള്ള കായിക പരിശീലന പദ്ധതി ആരംഭിക്കുന്നു. കായിക വിഭാഗത്തിലെ പ്രഗത്ഭരായ പരിശീലകരുടെ കീഴിലാണ് പരിശീലനം നൽകുന്നത്. രജിസ്ട്രഷനും / വിശദമായ വിവരങ്ങൾക്കും കൺവീനറുമായി ബന്ധപ്പെടുക:- ശ്രീജിത്ത്‌ – 9744252229 / ഷെഫീഖ് – 97451 53378

ഓഡിറ്റ് കോഴ്സ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS (പ്രൈവറ്റ് രജിസ്ട്രേഷന്‍) 2020 പ്രവേശനം ബി.എസ് സി. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷ 2024 ഫെബ്രുവരി ആദ്യവാരം ഓണ്‍ലൈന്‍ ആയി നടത്തും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍. (www.uoc.ac.in>Students Zone>Private Registration>UG AUDIT COURSE)

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS 2019 പ്രവേശനം ബി.എസ് സി. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി അവസാന വാരവും ഫെബ്രുവരി ആദ്യവാരവുമായി ഓണ്‍ലൈന്‍ ആയി നടത്തും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍. (www.sde.uoc.ac.in>UG AUDIT COURSE-2024-NOTIFICATION)

പരീക്ഷാ അപേക്ഷ

വിവിധ  ബി.വോക്. കോഴ്സുകളുടെ ആറാം സെമസ്റ്റർ (CBCSS-V-UG –  2018 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ  അഞ്ചാം സെമസ്റ്റർ ബി.ടെക്. (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഫെബ്രുവരി 12-ന്  തുടങ്ങും.

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2023 (2020 പ്രവേശനം) റഗുലർ, ഏപ്രിൽ 2023 (2019 പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഫെബ്രുവരി 13-ന്  തുടങ്ങും.

എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്,  എം.ബി.എ. ഹെൽത്ത് കെയർ മാനേജ്‌മന്റ് (CUCSS – 2016 സ്‌കീം – 2019 പ്രവേശനം) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി മൂന്ന്, ഒന്ന് സെമസ്റ്റർ പരീക്ഷകൾ യഥാക്രമം  ഫെബ്രുവരി 12, 13 തീയതികളിൽ ആരംഭിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. എൻവിറോണ്മെന്റൽ സയൻസ് (CCSS – 2022 പ്രവേശനം) ഏപ്രിൽ 2023 റഗുലർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!