പാലക്കാട്: ഒലവക്കോട് ഫുട്‌ബോള്‍ ആരാധകരുടെ റാലിക്കിടെയുണ്ടായ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മോഹന്‍ ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് നാലിന് ജയ്നമേട്ടില്‍നിന്ന് ഒലവക്കോട്ടേക്കുള്ള റാലിക്കിടെയാണ് സംഭവം. നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് വിവിധ ടീമുകളുടെ ജേഴ്‌സിയണിഞ്ഞ് അണിനിരന്നത്. പല ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഇടപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കല്ലേറ്. പൊലീസ് ലാത്തിവീശി സ്ഥലത്ത് നിന്ന് ആളുകളെ ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് കല്ലേറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.
പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.




