തിരൂരങ്ങാടി: ഇവിടെ ഒരു വീട്ടില്‍ നിന്ന് രണ്ട് പേര്‍ മത്സര രംഗത്തേക്ക്. ആ വീട്ടിലെ ഗൃഹനാഥനും അവരുടെ മരുമകളുമാണ് സ്ഥാനാര്‍ത്ഥികളാകുന്നത്. തെന്നല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി നന്നമ്പ്ര മമ്മുതു ( 65)ജനവിധി തേടുമ്പോള്‍ തൊട്ടടുത്ത വാര്‍ഡായ ആറാം വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഇദ്ദേഹത്തിന്റെ മരുമകള്‍ മുഹ്‌സിന ശാനിദ്(29) ആണ്. ഇരുവരും ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.
സി പി എം അനുഭാവിയായ മമ്മുതു വര്‍ഷങ്ങളോളം വിദേശത്തായിരുന്നു. നാട്ടിലെ വികസന കാര്യത്തിലുള്ള കാഴ്ചപ്പാടാണ് തന്നെ മത്സസര രംഗത്തേക്ക് എത്തിച്ചതെന്ന് അദേഹം പറഞ്ഞു. ഇരുവരും ആറാം വാര്‍ഡിലെ വോട്ടര്‍മാരാണ്.
മമ്മുതു മത്സരിക്കുന്ന എഴാം വാര്‍ഡില്‍ പ്രധാന എതിരാളി നിലവിലെ എട്ടാം വാര്‍ഡ് അംഗമായ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂര്‍ ആണ് .ഇവരെ കൂടാതെ മറ്റ് അഞ്ച് സ്ഥാനാര്‍ഥികള്‍ കുടി കളത്തിലുണ്ട്. ഇതില്‍ രണ്ട് പേര്‍ അപരന്‍മാരാണ്.
ആറാം വാര്‍ഡില്‍ മത്സരിക്കുന്ന ഇവരുടെ മരുമകള്‍ മുഹ്‌സിന ബിടെക് ബിരുദധാരിയാണ്.അബൂദാബിയില്‍ ജോലി ചെയ്യുന്ന മമ്മുതുവിന്റെ മകന്‍ ശാനിദിന്റെ ഭാര്യയാണ്. പ്രതിപക്ഷ വാര്‍ഡുകളോട് ശത്രുതാ മനോഭാവം വെച്ച് ഫണ്ട് നല്‍കാത്ത നിലപാടാണ് പഞ്ചായത്ത് ഭരണസമിതിവെച്ചു പുലര്‍ത്തുന്നത് ഇതിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പില്‍ എന്ന് മുഹ്‌സിന പറഞ്ഞു. കോണ്‍ഗ്രസ് ടിക്കറ്റില്‍ കൈപത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന പി ജി വിദ്യാര്‍ഥിനി സ്വഫ്‌വയാണ് മുഹ്‌സിന യുടെ പ്രധാന എതിരാളി.




