
താനൂർ: കനോലി കനാൽ നവീകരണത്തിനായി രണ്ട് കോടി രൂപ കൂടി അനുവദിച്ചു. എളാരംകടപ്പുറം മുതൽ പൂരപ്പുഴ വരെയുള്ള ഭാഗം നവീകരിക്കുന്നതിനായാണ് ഫണ്ട് അനുവദിച്ചത്.
മാലിന്യവും ചെളിയും നിറഞ്ഞ കനോലികനാലിൻ്റെ ശുചീകരണം നടത്താൻ നേരത്തെ ബജറ്റിൽ 1 കോടി രൂപ അനുവദിച്ചിരുന്നു. ആ തുക കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തികയാതെ വരുമെന്നതിനാൽ അധികമായ തുക ലഭ്യമാക്കണമെന്ന മന്ത്രി വി അബ്ദുറഹിമാൻ നൽകിയ കത്തിനെ തുടർന്ന് മേജർ ഇറിഗേഷൻ വകുപ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും ആ തുക അനുവദിക്കുകയുമാണുണ്ടായത്.
മാലിന്യം തള്ളിയും അറ്റകുറ്റ പണികൾ നടത്താതെയും നശിപ്പിക്കപ്പെടുന്ന കനോലികനാലിൻ്റെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഈ തുക കൊണ്ട് സാധിക്കും.
ദേശീയ ജലപാതയുടെ രണ്ടാം റീച്ചിൽപെടുന്ന ഈ തോടിൻ്റെ നവീകരണത്തിന് കേന്ദ്രസർക്കാരാണ് ഫണ്ട് അനുവദിക്കേണ്ടതെങ്കിലും കേന്ദ്രം അതിനു തയ്യാറായിട്ടില്ല.
ഈ പ്രവൃത്തി അടിയന്തിരമായി പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയതായി മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





