ആസിഡ്‌ ആക്രമണം; ആന്തരിക പരിക്കേറ്റവർക്കും ഭിന്നശേഷി നിയമത്തിന്റെ പരിരക്ഷ ബാധകം : സുപ്രീംകോടതി

ന്യൂഡൽഹി: ആസിഡ് ആക്രമണത്തിൽ ബാഹ്യമായി രൂപഭേദം സംഭവിച്ചിട്ടില്ലെങ്കിലും ആന്തരികമായി പരിക്കേറ്റവർക്ക് ഭിന്നശേഷി അവകാശ നിയമത്തിന്റെ പരിരക്ഷ ബാധകമാക്കി സുപ്രീംകോടതി. ഇതുപ്രകാരം നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ആസിഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്ചി എന്നിവരുടേതാണ് നിർദേശം. ബലമായി ആസിഡ് കുടിപ്പിക്കുകയോ മറ്റോ വഴി പുറമേ പരിക്കില്ലാതെ ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കുന്നവർ 2016ലെ നിയമത്തിന് പുറത്താണെന്ന് നിരീക്ഷിച്ചാണ് പ്രത്യേക ഉത്തരവ്. ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഷഹീൻ മാലിക്കിന്റെ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഉത്തരവ്.

ഭേദഗതി നടത്തിയാൽ അത് നിയമം നിലവിൽവന്ന 2016മുതൽ പ്രാബല്യത്തിലുള്ളതായി കണക്കാക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഇടുങ്ങിയ നിർവചനം മൂലം ആന്തരികമായി പരിക്കേൽക്കുന്നവർക്ക് സംരക്ഷണമില്ലെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇടപെട്ടത്.

ആസിഡ് ആക്രമണം നടത്തുന്നവരുടെ സ്വത്തുക്കൾ എന്തുകൊണ്ട് കണ്ടുകെട്ടിക്കൂടായെന്ന് ചീഫ് ജസ്‌റ്റിസ് ചോദിച്ചു. ആസിഡ് വിൽക്കുന്നവരെ നിയമപരമായി ഉത്തരവാദികളാക്കുന്നത് ചിന്തിക്കണമെന്നും ബെഞ്ച് കേന്ദ്രത്തോട് പറഞ്ഞു. രണ്ടാഴ്‌ചക്ക് ശേഷം കേസ് പരിഗണിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top