ചെന്നൈ:ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ തന്റെ വകുപ്പ് ഈ വിഷയത്തില്‍ വിശദീകരണം തേടുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യന്‍ പറഞ്ഞു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാലുമാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഗര്‍ഭം ധരിക്കാനാകുമോയെന്നും സമയ നിയന്ത്രണമുണ്ടോയെന്നും വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മന്ത്രിയോട് ചോദിച്ചതായും ഇതിന് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റിനെ അന്വേഷണത്തിന് നിര്‍ദേശിക്കുമെന്ന് മന്ത്രി മറുപടി നല്‍കിയതായുമാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 9 നാണ് വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ പാദങ്ങളില്‍ ഇരുവരും ചുംബിക്കുന്ന ചിത്രത്തോടൊപ്പം ഇങ്ങനെ കുറിപ്പ് എഴുതി പോസ്റ്റ് ചെയ്തത്”ഞാനും നയനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, നമ്മുടെ പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും, എല്ലാ നല്ല പ്രകടനങ്ങളും കൂടിച്ചേര്‍ന്ന്, നമുക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതല്‍ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു. ‘
ഇക്കാര്യം വന്നതുമുതല്‍, സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അവരുടെ പേരുകളെക്കുറിച്ചുള്ള ചര്‍ച്ചകളും നിറഞ്ഞിരിക്കുകയാണ്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ ജനിച്ചതെന്ന് പ്രചരിക്കുമ്പോഴും നയന്‍താരയും വിഘ്‌നേഷും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.




