HIGHLIGHTS : Trump says US joined the war; attacked three nuclear sites in Iran
വാഷിങ് ടണ്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധത്തില്‍ നേരിട്ടു പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ച് പത്താം നാളിലാണ് ഇറാനില്‍ യുഎസിന്റെ നേരിട്ടുള്ള ആക്രമണം.

ആക്രമണം പൂര്‍ത്തിയാക്കി യുദ്ധവിമാനങ്ങള്‍ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.
അമേരിക്കയ്ക്ക് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എത്രവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളമെന്നും വ്യക്തമായിട്ടില്ല. ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു