Section

malabari-logo-mobile

നെടുമുടി വേണു അടിമുടി ഒരു അച്ഛനാണ്. ശാസിക്കുകയും ശിക്ഷിക്കുകയും എന്നാല്‍ അതിലേറെ സ്‌നേഹിക്കുകയും ചെയ്യുന്ന അച്ഛന്‍

HIGHLIGHTS : ഷിജു ആര്‍ എഴുതുതുന്നു....

മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലെ മുത്തശ്ശന്‍ കഥാപാത്രമാവുമ്പോള്‍ നെടുമുടി വേണുവിന് എത്ര വയസ്സുണ്ടാവും ?
സൗമ്യ /സാത്വിക വേഷങ്ങള്‍ മാത്രമല്ല, ദുഷ്ട കഥാപാത്രങ്ങളെയും വില്ലന്മാരെയും അവതരിപ്പിക്കുമ്പോഴും ഏറ്റവും തന്മയീഭാവത്തില്‍ അത് ഫലിപ്പിച്ചു. അവരെ കൊല്ലാനുള്ള ദേഷ്യം പ്രേക്ഷകര്‍ക്ക് തോന്നും വിധം.
തകരയിലും ചമ്പക്കുളംതച്ചനിലും ഈ അടുത്തിടെ ഒരു സെക്കന്റ് ക്ലാസ് യാത്രയിലും നാമത് അനുഭവിച്ചു.

കണ്ണൂര്, വിയ്യൂര് , എന്നിങ്ങന്നെ ജയിലുകളുടെ എണ്ണമെടുത്ത് ചുമച്ച് കിതച്ചു പോവുന്ന ബെസ്റ്റ് ആക്ടറിലെ പഴയ ക്വട്ടേഷന്‍ തലവനെ മറക്കാനാവില്ല. ഒരു നടന്‍ എന്ന നിലയില്‍ തന്നെത്തന്നെ കുടഞ്ഞു കളഞ്ഞ പകര്‍ന്നാട്ടമായിരുന്നു അത്.
നാടന്‍ പാട്ടുകള്‍ ,
വായ്ത്താരികള്‍ ,
ചൊല്ലിയാട്ടങ്ങള്‍, അങ്ങനെ പലതരം ചേര്‍പ്പുകള്‍ കൊണ്ട് തന്റെ കഥാപാത്രങ്ങള്‍ക്ക് നിറവു നല്‍കി.
മനുഷ്യ ബന്ധങ്ങളെക്കുറിച്ചുള്ള , അവയില്‍ നിന്ന് പകര്‍ന്ന് കിട്ടുന്ന ആര്‍ദ്രാനുഭൂതികളെക്കുറിച്ചുള്ള കാമനകളാണ്, മോഹങ്ങളാണ് അരങ്ങിലും വെളളിത്തിരയിലും കഥാപാത്രസ്വരൂപങ്ങളാവുന്നതെങ്കില്‍, നെടുമുടി വേണു അടിമുടി ഒരു അച്ഛനാണ്. ശാസിക്കുകയും ശിക്ഷിക്കുകയും എന്നാല്‍ അതിലേറെ സ്‌നേഹിക്കുകയും മക്കളുടെ കാലിടറുമ്പോള്‍ തകര്‍ന്നു പോവുകയും ചെയ്യുന്ന ഒരച്ഛന്‍. പേരും വേഷവും പശ്ചാത്തലവും മാറുമ്പോഴും തളരുമ്പോള്‍ തലചായ്ക്കാനുള്ള നെഞ്ചായി ഉള്ളില്‍ തെളിയുന്ന അച്ഛന്‍.

sameeksha-malabarinews

ഭരത് ഗോപിയും മുരളിയും കാവാലവും സി.എന്‍.ശ്രീകണ്ഠന്‍ നായരും ജി. അരവിന്ദനുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ അഭിനയക്കളരിയുടെ ആത്മാവായിരുന്നു നെടുമുടി വേണു എന്ന കലാകാരന്‍.
അവനവന്‍ കടമ്പയും ദൈവത്താറും ഭഗവദ്ദജ്ജുകവുമൊക്കെ സാധ്യമാക്കിയ തിരുവരങ്ങ് നാടക വേദിയൊക്കെ ആ ചരിത്രത്തിന്റെ ഭാഗമാണ്.
ശിക്ഷണ ഗുണവും നൈസര്‍ഗ്ഗികതയും ഒരു പോലെ കൈകോര്‍ത്ത , ഒരേസമയം
ക്ലാസിക്കലും നാട്ടു ജീവിതഗന്ധിയുമായ കലാപാരമ്പര്യത്തില്‍ അരങ്ങിലും വെള്ളിത്തിരയിലും കത്തിജ്വലിച്ച ഒരു കാലത്തിന്റെ ഒടുവിലത്തെ സൂര്യനാണ് അസ്തമിച്ചു പോവുന്നത്.
ആദരാഞ്ജലികള്‍ .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!