ത്രിതല പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു ; എണ്ണം പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലായി 17,337 വാര്‍ഡുകളാകും ഇനിയുണ്ടാകുക. 1375 വാര്‍ഡുകള്‍ വര്‍ധിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2,080 ഡിവിഷനുണ്ടായിരുന്നത് 2,336 ആകും. 256 ഡിവിഷനുകളാണ് വര്‍ധിച്ചത്.14 ജില്ലാ പഞ്ചായത്തുകളിലെ 331 ഡിവിഷനുകള്‍ 336 ആകും. വര്‍ധന– 5. ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് തദ്ദേശ ഭരണ റൂറല്‍ ഡയറക്ടര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കി.

2011ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകളുടെ എണ്ണം കണക്കാക്കിയത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഡിവിഷനുകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങും. അതോടെ വാര്‍ഡുകളുടെ അതിര്‍ത്തി നിശ്ചയിക്കും. വാര്‍ഡുകളുടെ അതിര്‍ത്തി ഇതിനുമുമ്പ് പുനര്‍നിര്‍ണയിച്ചത് 2010ലാണ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് 2011ലെ ജനസംഖ്യയനുസരിച്ച് വാര്‍ഡുകള്‍ വിഭജിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് എല്ലാം തകിടം മറിച്ചു. നിലവില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ കുറഞ്ഞത് പതിമൂന്നും കൂടിയത് ഇരുപത്തിമൂന്നും വാര്‍ഡുകളാണുള്ളത്. ഇത് പതിനാലും ഇരുപത്തിനാലുമായി വര്‍ധിപ്പിച്ച് നേരത്തെ വിജ്ഞാപനമിറക്കിയിരുന്നു. 15,000 വരെ ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ 14 വാര്‍ഡുണ്ടാവും. കൂടുതല്‍ വരുന്ന ഓരോ 2500 പേര്‍ക്കും ഓരോ വാര്‍ഡ് വര്‍ധിക്കും.

ഒന്നര ലക്ഷംവരെ ജനസംഖ്യയുള്ള ബ്ലോക്ക് പഞ്ചായത്തുകളില്‍ 14 ഡിവിഷനുണ്ടാകും. ഓരോ 25,000 അധിക ജനസംഖ്യക്കും ഓരോ ഡിവിഷന്‍വീതം കൂടുതല്‍. ജില്ലാ പഞ്ചായത്തില്‍ 10 ലക്ഷംവരെ ജനസംഖ്യയുള്ളിടത്ത് 17 ഡിവിഷന്‍. കൂടുതല്‍വരുന്ന ഓരോലക്ഷത്തിനും ഓരോ ഡിവിഷന്‍ അധികം. ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളില്‍ പകുതിയിലേറെയും (8,864) വനിതാസംവരണമാണ്. 51.228 ശതമാനം. 1582 വാര്‍ഡുകള്‍ പട്ടികജാതി വിഭാഗത്തിനും 282 എണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമാണ്. പട്ടികജാതി വാര്‍ഡുകള്‍ കൂടുതല്‍ പാലക്കാടും (248), പട്ടികവര്‍ഗ വാര്‍ഡുകള്‍ കൂടുതല്‍ വയനാട്ടിലുമാണ് (88).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top