
ഉത്തർപ്രദേശിലെ ഗതാഗത-വ്യാവസായിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിർമ്മിച്ച 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന ഈ ആറുവരി പാത ഏകദേശം 36,230 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. ഉത്തർപ്രദേശിലെ 12 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ ഗ്രീൻഫീൽഡ് പാത നിലവിൽ വരുന്നതോടെ മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള യാത്രാസമയം പന്ത്രണ്ട് മണിക്കൂറിൽ നിന്നും വെറും ആറ് മുതൽ എട്ട് മണിക്കൂറായി കുറയും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്നു എക്‌സ്പ്രസ് വേ ആറ് വരിപ്പാതയാണ്. ഭാവിയില്‍ എട്ടുവരിപ്പാതയാകുന്ന രീതിയിലാണ് ഡിസൈന്‍. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്. റെക്കോര്‍ഡ് വേഗത്തിലാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായത്. പാതയോരത്ത് 12 വ്യാവസായിക ലോജിസ്റ്റിക് ക്ലസ്റ്ററുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ തന്നെ 47,000 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ഈ മേഖലയിൽ ലഭിച്ചു കഴിഞ്ഞു. ചരക്ക് നീക്കത്തിനുള്ള സമയം പകുതിയോളം കുറയുന്നത് ഇൻവെന്ററി ചെലവ് 20 ശതമാനം വരെ ലാഭിക്കാൻ ഇ-കൊമേഴ്‌സ്, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളെ സഹായിക്കും.
സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം രാജ്യത്തിന്റെ പ്രതിരോധ സുരക്ഷയ്ക്കും ഈ പാത വലിയ മുൻഗണന നൽകുന്നു. അടിയന്തര സാഹചര്യങ്ങളിൽ യുദ്ധവിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിൽ ഷാജഹാൻപുരിൽ 3.5 കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക എയർസ്ട്രിപ്പ് നിർമ്മിച്ചിട്ടുണ്ട്. കൂടാതെ, മേഖലയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് 50 ശതമാനം വരെ വിലവർദ്ധനവാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. മീററ്റ്, കാൺപുർ തുടങ്ങിയ നഗരങ്ങളിലെ പാർപ്പിട വികസനത്തിന് ഈ പാത പുതിയ വേഗത നൽകും.
കാർഷിക ഉൽപ്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ കർഷകരെ സഹായിക്കുന്നതിനൊപ്പം പ്രയാഗ്‌രാജ്, വാരാണസി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിലൂടെ ടൂറിസം മേഖലയ്ക്കും ഈ പദ്ധതി വലിയ ഉണർവ് നൽകും. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ വ്യവസായങ്ങളെയും കിഴക്കൻ മേഖലയിലെ കാർഷിക കരുത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ പ്രാദേശികമായ സാമ്പത്തിക അസമത്വം കുറയ്ക്കാനും ഈ വികസന ഇടനാഴിയിലൂടെ സാധിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




