ആഷ്‌ലിക്ക് നടക്കണം…. കൈത്താങ്ങാകാം നമുക്ക്

പരപ്പനങ്ങാടി കഴിഞ്ഞ ദിവസം കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്നിറങ്ങവെ വഴുതിവീണ് ഗുരുതരമായി പരിക്കേറ്റ് ചിക്തസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനി ആഷ്‌ലിയെ സഹായിക്കാനൊരുങ്ങി പരപ്പനങ്ങാടിക്കാര്‍.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോഴിക്കോട് ഫാഷന്‍ ഡിസൈനിങ്ങിന് പഠിക്കുന്ന ആഷ്‌ലിയുടെ ജീവിതത്തിന് കരിനിഴല്‍പരത്തിയ അപകടം നടന്നത്. നിര്‍ദ്ധനകുടുംബത്തിന്റെ പ്രതീക്ഷയായ ആഷ്‌ലി സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്തണമെന്ന മോഹത്തോടെയാണ് സാമ്പത്തികമായ വലിയ പ്രയാസങ്ങള്‍ക്കിടയിലും പഠിക്കാനായി ഒരു പ്രൊഫഷനല്‍ കോഴ്‌സ് തെരഞ്ഞെടുത്തത്. രാവിലെ പതിവുപോലെ കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്നതിനിടയിലാണ് ഈ പതിനെട്ടുകാരിയുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അപകടം സംഭവിച്ചത്.

അപകടത്തില്‍ പ്ലാറ്റ്‌ഫോറത്തിനും ട്രെയിനിനുമിടയില്‍ പെട്ട് ആഷ്‌ലിയുടെ ഒരു കാല്‍ ചതഞ്ഞരഞ്ഞു. ആഷ്‌ലിയുടെ ഈ കാല്‍മുറിച്ചുമാറ്റണമെന്ന് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി. ലക്ഷങ്ങള്‍ ചിലവഴിച്ചാല്‍ പ്ലാസറ്റിക് സര്‍ജറിയിലൂടെ ആഷ്‌ലിയുടെ കാലുകള്‍ തിരിച്ചുകിട്ടുമെന്ന മറ്റൊരു സാധ്യത മുന്നില്‍ തെളിഞ്ഞെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആഷ്‌ലിയുടെ രക്ഷിതാക്കള്‍ പകച്ചുനില്‍ക്കുയായിരുന്നു. എന്നാല്‍ ഇതറിഞ്ഞ നാട്ടുകാര്‍ ആഷ്‌ലിയെ സഹായിക്കാന്‍, അവള്‍ക്ക് നടക്കാന്‍ അവളെ ചേര്‍ത്തുപിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ഇതിനായി ആഷ്‌ലിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

പരപ്പനങ്ങാടി പുത്തന്‍പീടികക്ക് പടിഞ്ഞാറുവശം താമസിക്കുന്ന കൂരൂളി ഭരതന്റെയും ലീലയുടെയും രണ്ടാമത്തെ മകളാണ് ആഷ്‌ലി. ആഷ്‌ലിയുടെ ചികിത്സാസഹായത്തിനായി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെപിഎം കോയ ചെയര്‍മാനും, തുടിശ്ശേരി അനില്‍ കണ്‍വീനറുമായി ചികിത്സാസഹായസമിതി രൂപീകരിച്ചിട്ടുണ്ട്. പതിനഞ്ച് ലക്ഷത്തോളം രൂപ ചികിത്സാ ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. ഇതിനായി പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഒരു അകൗണ്ട് തുടങ്ങിയിട്ടുണ്ട്. A/c number 4522000100038405 IFSC CODE ; PUNB 0452200 ആണ്.

ആഷ്‌ലിക്ക് നടന്നുകയറേണ്ടത് ജീവതത്തിലേക്കാണ് , പ്രതീക്ഷ പൗരബോധമുള്ള ജനതയിലൂമാണ്. നമുക്ക് സഹായിക്കാം….

Share news
error: Content is protected !!
Scroll to Top