കോഴിക്കോട്: സുരക്ഷിതമായ ഡ്രൈവിംഗ് സംസ്‌കാരം വളര്‍ത്തുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉത്തരമേഖലയില്‍ 1,374 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു. ആഗസ്റ്റ് 16 മുതല്‍ 23 വരെ നടന്ന പരിശോധനയില്‍ 4,94,700 രൂപ വിവിധ കേസുകളില്‍ പിഴയീടാക്കി. യൂണിഫോം ധരിക്കാത്ത 140 സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. സ്വകാര്യബസുകളിലെ എയര്‍ഹോണ്‍ ഉപയോഗം (78 പേര്‍ക്കെതിരെ), കേടായ സ്പീഡ് ഗവര്‍ണര്‍ ഉപയോഗിച്ചത് (26), ക്ലീനര്‍ സ്റ്റെപ്പ് നിര്‍മ്മിച്ചത് (44), വാതിലുകള്‍ക്ക് ഉപയോഗക്ഷമമായ ലോക്കില്ലാത്തത് (27), റോഡിന്റെ വശങ്ങളിലെ പാര്‍ക്കിംഗ് (24) പ്രഥമശുശ്രൂഷക്കുള്ള മരുന്നുകള്‍ ഇല്ലാത്തത് (27) തുടങ്ങിയവയ്ക്കാണ് നടപടിയെടുത്തത്. കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ തുടരുമെന്നും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.



