HIGHLIGHTS : പരപ്പനങ്ങാടി: അതിരുകളില്ലാത്ത സല്‍ക്കാരം, അരുതായ്‌മകളില്ലാത്ത ഭക്ഷണം മലപ്പുറത്തിന്റെ മഹിത
പരപ്പനങ്ങാടി: അതിരുകളില്ലാത്ത സല്‍ക്കാരം, അരുതായ്‌മകളില്ലാത്ത ഭക്ഷണം മലപ്പുറത്തിന്റെ മഹിത പാരമ്പര്യത്തെ വിപണിയില്‍ അടയാളപ്പെടുത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആവിഷ്‌കരിച്ച ഭക്ഷണ ഔട്ട്‌ലെറ്റ് പദ്ധതിക്ക് പരപ്പനങ്ങാടിയില്‍ അരങ്ങൊരുങ്ങുന്നു.
രാസവസ്‌തുക്കളുടെ ചേരുവകളെ തീര്‍ത്തും മാറ്റി നിര്‍ത്തി പാരമ്പര്യ ഭക്ഷണ രുചി മഹിമയെ തിരിച്ചു കൊണ്ടു വരാനായി മലപ്പുറം ഡിടിപിസി തുടങ്ങാനിരിക്കുന്ന ജില്ലയിലെ ആദ്യ പത്ത് ഔട്ട്‌ലെറ്റുകളിലെ പ്രഥമസംരംഭമാണ് പരപ്പനങ്ങാടിയിലേത്. മലപ്പുറം ജില്ലക്കാരനായ ടൂറിസം മന്ത്രി ഏ പി അനില്‍കുമാറിന്റെയും ജില്ലാ കലക്‌ടര്‍ ബിജുവിന്റെയും സ്വപ്‌നപദ്ധതിക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഉമ്മര്‍കോയയാണ് ജീവന്‍ പകര്‍ന്നത്.
മലപ്പുറത്തിന്റെ നാടന്‍ ഭക്ഷ്യവിഭവങ്ങളില്‍ ഇന്നോളം ഹോട്ടല്‍ വിപണി കണ്ടിട്ടില്ലാത്തതും നേരത്തെ സജീവമായി നിലനിന്നിരുന്നതുമായി ഭക്ഷണക്കൂട്ടുകളുടെ ആധുനിക രൂപങ്ങള്‍ വിവിധ പേരുകളില്‍ തീന്‍ മേശ നിറയും. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തെ പാടെ മാറ്റി നിറുത്തണമെന്നാണ് ഡിടിപിസി, ഔട്ട്‌ലെറ്റ് മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ഓട്ടട, ചീരാകഞ്ഞി, കഞ്ഞി, പുട്ട്, മഴവില്‍പുട്ട്,ദോശ, വെള്ളപ്പം തുടങ്ങി മലപ്പുറത്തിന്റെ പേരു കേട്ട വിവിധ അമ്മായി അപ്പങ്ങള്‍ അടകള്‍, തലശ്ശേരി ബിരിയാണിയെ വെല്ലുന്ന മലപ്പുറം ഗ്രാമീണതയുടെ പെരുമയാര്‍ന്ന ബിരിയാണി കൂട്ടുകള്‍, സീഫുഡ് വിഭവങ്ങള്‍, കപ്പ, ഈന്തുംപിടി തുടങ്ങി വിഭവങ്ങളോടൊപ്പം മലപ്പുറത്തിന്റെ ജനകീയ ഭക്ഷണമായ പൊറോട്ടക്കും, പോത്തിനും മെനുവില്‍ ഇടം കിട്ടിയിട്ടുണ്ട്. ചേമ്പ്, കാവുത്ത്, കൂര്‍ക്കല്‍, ഞാറ്റുവേലകഞ്ഞി, മലപ്പുറം പായസം, കാവ, പഴച്ചാറുകള്‍, മില്‍മകൗണ്ടര്‍, തേങ്ങചോറ്, മല്ലിചോറ്, പേറ്റ് എരിവ് ചോറ്, പിടികോഴി, നിറവ് കോഴി തുടങ്ങി മലപ്പുറം മെനുവിന്റെ പട്ടിക നീളുകയാണ്.
കേരളപിറവി ദിനത്തില്‍ ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ് പരപ്പനങ്ങാടിയില്‍ തുറക്കാനാകുമെന്ന് ഡിടിപിസി സെക്രട്ടറി ഉമ്മര്‍ക്കോയ പറഞ്ഞു
പരപ്പനങ്ങാടി ടൗണിലെ പയിനിങ്ങല്‍ ജംങഷനിന് സമീപത്ത് ഒരു വീട് ഉള്‍കൊള്ളുന്ന കെട്ടിടത്തിന്റെ മാവിന്‍ മുകളിലെ ഏറുമാടവും അനുബന്ധ ബാമ്പു ഷെഡും കെട്ടിയൊരുക്കിയും ഡിടിപിസി നിബന്ധന പാലിച്ചുമാണ് പരപ്പനങ്ങാടിയില്‍ ഔട്ട്‌ലെറ്റ് ഒരുക്കിയിട്ടുള്ളത്.
തനിമയാര്‍ന്ന ഭക്ഷണത്തിന് അമ്മ കൈപുണ്യം ഉറപ്പുവരുത്താന്‍ പരപ്പനങ്ങാടിയിലെ ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ സ്‌ത്രീകളായിരിക്കുമെന്ന് ഡയറക്‌ടര്‍മാരായ സാജിദ് താലപ്പാട്ടും ടി ടി ഷംസുദ്ദീനും പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികില്‍സ തേടിയെത്തിയ നൂറു വിദേശികളെ സമീപിച്ച് മലപ്പുറത്തെ സംബന്ധിച്ച് ജില്ലാ ഭരണകൂടം തേടിയ ചോദ്യങ്ങളില്‍ മലപ്പുറത്തിന്റേതായ ഒരു ഭക്ഷണം മാത്രം ഇവിടെ കിട്ടാനില്ലെന്ന മറുപടിയാണ് ഇത്തരമൊരു പദ്ധതിക്ക് അധികാരികളെ പ്രേരിപ്പിച്ചത്. കാത്തിരിക്കാം മലപ്പുറത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ പഴയ രുചികളിലൂടെയുള്ള ഒരു മടക്കയാത്രക്ക്……