കര്‍ഷകസമരത്തിന് ഇന്നേക്ക് ഒരു വയസ്സ്

ന്യൂഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ
രാജ്യതലസ്ഥാനാതിര്‍ത്തികള്‍ സ്തംഭിപ്പിച്ച ഐതിഹാസിക കര്‍ഷകപ്രക്ഷോഭത്തിന്
ഇന്നേക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പഞ്ചാബ്, ഹരിയാന, യുപി
എന്നിവിടങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തിമേഖലകളിലേക്കെത്തിയത്.
നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ
സമരവാര്‍ഷികം ആഘോഷമാക്കാന്‍ ആയിരക്കണക്കിനു കര്‍ഷകര്‍ ഡല്‍ഹി
അതിര്‍ത്തിയിലെത്തി. രാജ്യമെമ്പാടും റാലികളും പ്രകടനങ്ങളും
അരങ്ങേറുമെന്ന് സംയുകത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കാര്‍ഷികനിയമങ്ങള്‍ പാര്‍ലമെന്റില്‍ റദ്ദാക്കിയ ശേഷവും വിളകള്‍ക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചാലേ
അതിര്‍ത്തികളില്‍ നിന്നും ഇറങ്ങിപ്പോവൂവെന്നാണ് കിസാന്‍ മോര്‍ച്ചയുടെ
പ്രഖ്യാപനം. 2020 ജൂണ്‍ അഞ്ചിന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ കേന്ദ്രം
വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്നാണ് കര്‍ഷക സമരങ്ങളുടെ തുടക്കം.

ഡല്‍ഹി അതിര്‍ത്തിയായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍
വാര്‍ഷികപരിപാടികള്‍ നടക്കും. ഛത്തീസ്ഗഡിലെ റായ്പുരിലും ജാര്‍ഖണ്ഡിലും
റാഞ്ചിയിലും കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തും, കര്‍ണാടക, തമിഴ്നാട്,
ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍
സംഘടിപ്പിക്കും. തുടര്‍ പ്രക്ഷോഭങ്ങള്‍ക്കു രൂപം നല്‍കാന്‍ കര്‍ഷക
സംഘടനകള്‍ നാളെ സിംഘുവില്‍ യോഗം ചേരും. 28നു മുംബൈ ആസാദ് മൈതാനത്ത് കര്‍ഷക മഹാസമ്മേളനം സംഘടിപ്പിക്കും.

 

Share news
error: Content is protected !!
Scroll to Top