Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് 13 കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : പുതിയ സബ്‌സ്റ്റേഷനുകള്‍ പ്രസരണരംഗത്ത് വലിയ മെച്ചമുണ്ടാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം; കെ.എസ്.ഇ.ബിയുടെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വൈദ്യുതി മേഖലയിലെ 14 പദ്ധതികളുടെ ഉദ്ഘാടനം ആദ്യമായാണ് ഒരുമിച്ച് നടക്കുന്നത്.
കെ.എസ്.ഇ.ബിയുടെ പുതിയ സബ്‌സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രസരണരംഗത്തും വിതരണരംഗത്തും വലിയ മെച്ചമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിനൊപ്പം വികസനപദ്ധതികള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി നിശ്ചിതസമയത്ത് തന്നെ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമ്പലത്തറ, രാജപുരം (കാസര്‍കോട്), എളങ്കൂര്‍, പോത്തുകല്ല് (മലപ്പുറം), ചെമ്പേരി, വെളിയമ്പ്ര (കണ്ണൂര്‍), കുറ്റിക്കാട്ടൂര്‍, തമ്പലമണ്ണ, മാങ്കാവ് (കോഴിക്കോട്), അഞ്ചല്‍, ആയൂര്‍ (കൊല്ലം), ബാലരാമപുരം, മുട്ടത്തറ (തിരുവനന്തപുരം) എന്നീ സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് നടന്നത്. ഇതിനുപുറമേ കണ്ണൂര്‍ തലശ്ശേരി 220 കെ.വി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും നടന്നു.
കാഞ്ഞങ്ങാട് അമ്പലത്തറയില്‍ 39.68 കോടി രൂപ ചെലവാക്കിയും മഞ്ചേരി എളങ്കൂരില്‍ 36 കോടി ചെലവാക്കിയുമാണ് രണ്ട് 220 കെ.വി സബ്‌സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കിയത്.
ഇരിക്കൂര്‍ ചെമ്പേരിയില്‍ 15.2 കോടി രൂപ ചെലവാക്കിയും കുന്നമംഗലം കുറ്റിക്കാട്ടൂരില്‍ 4.32 കോടി ചെലവാക്കിയും തിരുവമ്പാടി തമ്പലമണ്ണയില്‍ 27 കോടി ചെലവാക്കിയും കോഴിക്കോട് മാങ്കാവില്‍ 5.46 കോടി ചെലവാക്കിയും പുനലൂര്‍ അഞ്ചലില്‍ 30.75 കോടി ചെലവാക്കിയും ആയൂരില്‍ 5 കോടി ചെലവാക്കിയും കോവളം മണ്ഡലത്തില്‍ ബാലരാമപുരത്ത് മൂന്ന് കോടി ചെലവാക്കിയും തിരുവനന്തപുരത്ത് മുട്ടത്തറയില്‍ 40 കോടി രൂപ ചെലവാക്കിയുമാണ് 110 കെ.വി സബ് സ്റ്റേഷനുകള്‍ നിര്‍മിച്ചത്.
കാഞ്ഞങ്ങാട് രാജപുരത്ത് 5.54 കോടി ചെലവാക്കിയും പേരാവൂര്‍ വെളിയമ്പ്രയില്‍ 1.37 കോടി രൂപ ചെലവാക്കിയും നിലമ്പൂരില്‍ പോത്തുകല്ലില്‍ 7.21 കോടി ചെലവാക്കിയുമാണ് 33 കെ.വി സബ്‌സ്റ്റേഷനുകള്‍ നിര്‍മിച്ചത്.
ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍.എസ്. പിള്ള സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപറേഷന്‍ വിഭാഗത്തിലെ ഡോ: പി. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാര്‍, എം.പിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അതതു സബ്‌സ്റ്റേഷനുകളില്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!