Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ രണ്ട് സബ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : എളങ്കൂര്‍, പോത്തുകല്ല് സബ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം:  ജില്ലയില്‍ രണ്ട് സബ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
മലപ്പുറം’; മലപ്പുൂര്‍ ജില്ലയിലെ രണ്ട് സബ്‌സ്റ്റേഷനുകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്തു. മഞ്ചേരിക്കടുത്ത് എളങ്കൂര്‍, നിലമ്പൂരിനടത്ത് പോത്തുകല്ല് സബ്‌സ്‌റ്റേഷനുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

എളങ്കൂര്‍ 220 കെവി  സബ്സ്റ്റേഷന്‍ പരിസരത്ത് വൈകുന്നേരം മൂന്ന് മണിക്ക്   കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തത്. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു.  സബ്സ്റ്റേഷന്‍ ശിലാഫലകം അനാച്ഛാദനം എംഎല്‍ എ അഡ്വ. എം ഉമ്മര്‍ നിര്‍വ്വഹിച്ചു.
തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂര്‍ ചെറാങ്കുത്ത് 6.51ഏക്കറിലാണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 36 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ സബ്‌സ്റ്റേഷനാണിത്.

sameeksha-malabarinews

മാടക്കത്തറ അരീക്കോട് 400 കെവി വൈദ്യുതി ഇടനാഴിയിലൂടെയാണ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. മലപ്പുറം, മഞ്ചേരി, നിലമ്പുര്‍, എടക്കര എന്നീ സബ്‌സ്റ്റേഷനുകളിലേക്ക് 110 കെ വി ലൈനുകള്‍ വഴിയും ആനക്കയം, തൃക്കലങ്ങോട്, വണ്ടൂര്‍, എടവണ്ണ, തിരുവാലി, പാണ്ടിക്കാട് എന്നീ ഭാഗങ്ങളിലേക്ക് 11 കെവിയുടെ ആറ് ഫീഡറുകള്‍ വഴിയും പദ്ധതിയിലൂടെ വൈദ്യുതി എത്തിക്കും.

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, വൈസ് പ്രസിഡന്റ് വി നാരായണന്‍, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുഹമ്മദ് കോയ മാസ്റ്റര്‍, കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് ചീഫ് എഞ്ചിനീയര്‍ വി രാധാകൃഷ്ണന്‍, വിവിധ ജനപ്രതിനിധികള്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പോത്തുകല്ല് 33 കെവി സബ്സ്റ്റേഷന്‍  യാഥാര്‍ഥ്യമായി

കോവിഡിനെതിരായ പോരാട്ടവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചുള്ള പദ്ധതികളും ഒരേ സമയം മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല് 33 കെ വി സബ്സ്റ്റേഷന്‍  വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. മുഖ്യാതിഥിയായ എം എല്‍ എ പി വി അന്‍വര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.
2021 മാര്‍ച്ചിനകം പുതിയ 18 സബ് സ്റ്റേഷനുകള്‍ കൂടി സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കും. ഇതോടെ വൈദ്യുതി രംഗത്ത് വലിയ മാറ്റം ഉണ്ടാവുമെന്നും സംസ്ഥാനമൊട്ടാകെ തടസ്സ രഹിതമായി വൈദ്യുതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 57 സബ് സ്റ്റേഷനുകള്‍ പൂര്‍ത്തീകരിച്ചുവെന്നും ഊര്‍ജ്ജരംഗത്ത് സ്വയംപര്യാപ്തത നേടുകയെന്ന കേരളത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി എല്ലാ പരിശ്രമവും നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു.

പോത്തുകല്ല് പഞ്ചായത്തിലെ പൂളപ്പാടത്ത് വെള്ളിമുറ്റം – പൂളപ്പാട് ബൈപാസ് റോഡിനരികില്‍ 80.4 സെന്റിലാണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ആഢ്യന്‍പാറ പവര്‍ ഹൗസില്‍ നിന്നും പോത്തുകല്ല് വരെ 9.5 കിലോ മീറ്റര്‍ സിംഗിള്‍  സര്‍ക്യൂട്ട് 33 കെവി ലൈന്‍ നിര്‍മിച്ചാണ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്. നിലവില്‍ 11 കെവി ഫീഡറുകളാണ് വൈദ്യുതി വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. പോത്തുകല്ല്, അകംപാടം, ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തിലെ   ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാവും.

സബ്സ്റ്റേഷന്‍ പരിസരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്ഘാടനം നടത്തിയത്. നിലമ്പുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതന്‍, പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോണ്‍, മെംബര്‍ കെ വേലായുധന്‍, മലപ്പുറം ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജൂഡ്സണ്‍ കെ റാഫേല്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!