സംഘപരിവാര്‍ ഭീഷണിയില്‍ മായിച്ച് കളഞ്ഞ വാഗണ്‍ട്രാജഡി ചിത്രങ്ങള്‍ തിരൂരില്‍ വീണ്ടും വരയ്ക്കും

തിരൂര്‍:  സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മായ്ച്ചുകളഞ്ഞ ചിത്രങ്ങള്‍ തിരൂര്‍ നഗരത്തില്‍ വീണ്ടും വരയ്ക്കും. സ്വാതന്ത്ര്യസമരത്തിലെ ഒരു നിര്‍ണ്ണായക സംഭവമായ വാഗണ്‍ട്രാജഡി സ്മാരക ചിത്രങ്ങളാണ് നഗരസഭ മുന്‍കൈയെടുത്ത് വീണ്ടും വരയ്ക്കുന്നത്. തിരൂര്‍ വാഗണ്‍ട്രാജഡി ഹാളിന് മുന്നിലെ ഓപ്പണ്‍ സ്റ്റേജിന്റെ ചുവരിലായിരിക്കും ചിത്രങ്ങള്‍ വരയ്ക്കുക. ഇതുമായി ബന്ധപ്പെട്ട് ചിത്രകാരന്‍ പ്രേം കുമാര്‍ നഗരസഭ ചെയര്‍മാനുമായി സംസാരിക്കും.
കഴിഞ്ഞ ദിവസം തിരൂര്‍ റെയില്‍വേസ്റ്റേഷന്റെ ചുമരില്‍ തയ്യാറാക്കിക്കൊണ്ടിരുന്ന വാഗണ്‍ട്രാജഡിയുടെ സ്മാരക ചിത്രങ്ങളാണ് പൂര്‍ത്തിയാക്കും മുന്‍പ് സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി റെയില്‍വേ മായ്ച്ചുകളഞ്ഞത്. ബിജെപി തിരൂര്‍ മണ്ഡലം കമ്മറ്റി പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ചില സംഘടനകളുടെ പ്രതിഷേധം കാരണമാണ് ചിത്രം നീക്കം ചെയ്തതെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം.

1921 ലെ മലബാര്‍ കലാപത്തിന്റെ ഭാഗമായി പിടികൂടപ്പെട്ടവരെ നവംബര്‍ 19 ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്ന് കോയമ്പത്തൂര്‍ പോത്തനൂരിലേക്ക് ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോകുകയായിരുന്നു. അടച്ചിട്ട വാഗണില്‍ തടവുകാര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗണ്‍ട്രാജഡി. അറുപത്തിനാല് പേരാണ് അന്ന് മരിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ മലബാറില്‍ നടന്ന സമരത്തെ അവര്‍ നേരിട്ട ക്രൂരമായ രീതികള്‍ക്ക് ഉത്തമ ഉദാഹരണമാണ് വാഗണ്‍ട്രാജഡി.
ചിത്രം നീക്കിയതിനെതിരെ തിരൂരില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത് വെളളിയാഴ്ച വൈകീട്ട് ഡിവൈഎഫ്‌ഐ. ജനതാദള്‍ (എസ്) എന്നീ സംഘടനകള്‍ സ്റ്റേഷനുമുന്നില്‍ പ്രതീകാത്മക ചിത്രം വരയും ധര്‍ണ്ണയും നടത്തും

Related Articles