തിരൂര്‍: പടിഞ്ഞാറേക്കരയില്‍ മത്സ്യതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൂട്ടായി സ്വദേശി ഹമീദ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ച പൊന്നാനി നഗരം ഏഴുടിക്കല്‍ ലത്തീഫ്(45) ആണ് 19 വര്‍ഷത്തിന് ശേഷം പിടിയിലായത്.
പടിഞ്ഞാറെക്കരയില്‍ നിന്നും തമിഴ്‌നാട് കുളച്ചില്‍ സ്വദേശികള്‍ കടലില്‍ പോയി മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട് പൊന്നാനിക്കാരുമായി കടലില്‍ വെച്ച് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പൊന്നാനിയില്‍ നിന്ന് ഒരു സംഘം ആളുകള്‍ പടിഞ്ഞാറേക്കരയില്‍ വന്ന് കുളച്ചില്‍ സ്വദേശികളും കൂട്ടായി സ്വദേശികളുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു. സഘര്‍ഷത്തില്‍ കൂട്ടായി സ്വദേശി ഹമീദ് കൊല്ലപ്പെടുകയായിരുന്നു. ഈ കേസില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച രണ്ട് പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റമാന്‍ഡ് ചെയ്തു.
തിരൂര്‍ ഇന്‍സ്‌പെക്ടര്‍ പത്മരാജന്റെ നേതൃത്വത്തില്‍ എസ് ഐ ജിനേഷ് കെ ജെ, സിപിമാരായ ഷിബു.സി,അനീഷ് പീറ്റര്‍, അനൂപ്, ലക്ഷ്മണന്‍, അഭിമന്യു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പൊന്നാനി ഹാര്‍ബറില്‍ നിന്നും പിടികൂടിയത്.




