
തിരൂര്‍; കിണറ്റില്‍ വീണ യുവതിയേയും ഇവരെ രക്ഷപ്പെടുത്താനിറങ്ങി കിണറ്റില്‍ കുടുങ്ങിയ യുവാക്കളേയും രക്ഷപ്പെടുത്തി തിരൂര്‍ ഫയര്‍ഫോഴ്‌സ്.
കുറ്റിപ്പുറം ചെല്ലൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. ചെല്ലൂര്‍ പറമ്പില്‍ ഹസ്സന്റെ മകള്‍ റഹിയ സമി (21), മുഹമ്മദ് എന്ന കുഞ്ഞിപ്പ, നാഫിര്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്.
പേരക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റഹിയാ സമി കാല്‍ വഴുതി ഏകദേശം 60 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് കിണറ്റിലിറങ്ങിയ യുവാക്കളും കരക്കെത്താന്‍ കഴിയാതെ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
അസി. സ്‌റ്റേഷന്‍ ഓഫീസര്‍ സുനില്‍, സീനിയര്‍ ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ രമേശ് ബാബു, ഉണ്ണികൃഷ്ണന്‍, മനാഫ്, നിജീഷ്, സുജിത്ത്, പ്രജിത്ത്, അഖില്‍, ഗോപി, ഗിരീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റ റഹിയ സമിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




