പ്ലാവിന് മുകളില്‍ വെച്ച് ബോധം പോയ ആളെ വലയില്‍കെട്ടിയിറക്കി

തിരൂര്‍:  പ്ലാവ് മുറിക്കുന്നതിനായി മരത്തില്‍ കയറിയ ആള്‍ മുകളില്‍ വെച്ച് ബോധരഹിതനായി ഇയാളെ ഫയര്‍ഫോഴ്‌സും ഒപ്പമുണ്ടായിരുന്ന തൊഴിലാളിയും അതിസാഹസികമായി രക്ഷപ്പെടുത്തി. തിരൂര്‍ തങ്ങള്‍സ് റോഡിലെ വീട്ടുവളപ്പിലെ പ്ലാവ് മുറിക്കുന്നതിനിടയിലാണ് ആതവനാട് സ്വദേശി മുസ്തഫ(47)ന് ബോധം പോയത്. ഇതോടെ മുസ്തഫക്കൊപ്പം മരത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ രാജന്‍ ഇയാളെ ആ മരത്തില്‍ തന്നെ കെട്ടിയിടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.

തുടര്‍ന്ന് തിരൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എംകെ പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി അതിസാഹസികമായി വലയില്‍ കെട്ടി മുസ്തഫയെ താഴെയിറക്കുകയായിരുന്നു. ഈസമയത്ത് പ്ലാവിന്റെ ചില്ലകളല്ലാം മുറിച്ച അവസ്ഥയിലായിരുന്നു. ഇതുകൊണ്ടുതന്നെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗിരീഷ്‌കുമാറും തൊഴിലാളിയായ രാജനും മരത്തിന് മുകളില്‍ നിന്നും മുസ്തഫയെ താഴെയിറക്കിയത്.തുടര്‍ന്ന് ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top