തിരൂര്‍ : തിരൂര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ 3 കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 8.30 ഓടെ കടവ് പാലത്തിന് സമീപം വെച്ചാണ് മുഹമ്മദ് റെമീസ് (12), അജ്മല്‍ (14) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുഹമ്മദ് റഹീസ് (14) മൃതദേഹം ഇന്നലെ വൈകുന്നേരം കണ്ടെത്തിയിരുന്നു.
മുഹമ്മദ് റഹീസും അജ്മലും എടരിക്കോട് പി കെ എം എച്ച് എസ് എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. റെമീസ് ചെമ്പ്ര എയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് തിരൂര്‍ പുഴയിലെ ചെമ്പ്ര പാലത്തിന് സമീപം കണ്ടനാത്ത് കടവില്‍ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടികളുടെ പിതാവിന്റെ സഹോദരന്‍ റസാഖിന്റെ കൂടെ കാറ് കഴുകാനായി പോയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. കുട്ടികളുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ ചെമ്പ്ര ജുമാമസ്ജിദ് പള്ളിയില്‍ ഖബറടക്കും.




