തീക്കളി അവസാനിക്കുന്നില്ല; തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ കാര്‍ കത്തിച്ചു

തിരൂര്‍:പറവണ്ണ റഹ്മത്താബാദില്‍ സിപിഐഎം പ്രവര്‍ത്തകന്റെ കാര്‍ കത്തിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. സിപിഐഎം പറവണ്ണ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി തിത്തീരിയത്തിന്റെ പുരക്കല്‍ ഷാജഹാന്റെ വാഗനര്‍ കാറാണ് ആക്രമികള്‍ അഗ്‌നിക്കിരയാക്കിയത്.

ശബ്ദം കേട്ട് ഷാജഹാനും കുടുംബവും പുറത്തിറങ്ങി വന്നപ്പോഴേക്കും കാര്‍ മുഴുവനായും കത്തിയമര്‍ന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി നിരവധി വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് സംരക്ഷണമൊരുക്കാന്‍ പ്രദേശത്തെ മുസ്ലീംലീഗ് നേതാക്കന്‍മാര്‍ തയ്യാറാവുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു.

ആക്രമണത്തിനെതിരെ സമാധാന സന്ദേശവുമായി പറവണ്ണകൂട്ടായ്മ പെരുന്നാള്‍ ദിനത്തില്‍ ഇശല്‍നിലാവ് സംഘടിപ്പിച്ചിരുന്നു.പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭ്യമായിട്ടുണ്ടെന്നും വേഗത്തില്‍ പ്രതികളെ പിടികൂടാനാവുമെന്നും എസ്.ഐ പറഞ്ഞു.

Related Articles