ഖാസി ഹൗസിന്റെ കൈവശാവകാശം തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിക്ക് തന്നെ

തിരൂരങ്ങാടി: തിരൂരങ്ങാടി ഖാസിമാരുടെ ആസ്ഥാനമായ തിരൂരങ്ങാടി ഖാസി ഹൗസിന്റെ കൈവശാവകാശം തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിക്ക് തന്നെ തുടരാം. തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെതാണ് വിധി . ഈ വിഷയത്തില്‍ ഒ.കെ അബ്ദുള്ള കുട്ടി മുസ്ലിയാരുടെ വാദം തള്ളിക്കൊണ്ടും നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവുകളും പാരമ്പര്യവും ബലപ്പെടുത്തിക്കൊണ്ടുമാണ് കോടതി വിധി.

തിരൂരങ്ങാടി ഖാസിയായി തന്നെ കേരള സര്‍ക്കാര്‍ നിയമിച്ചതാണെന്ന ഒ.കെ അബ്ദുള്ള കുട്ടി മുസ്ലിയാരുടെ വാദം നേരത്തെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. ഇതില്‍ 2018 ജൂലൈയില്‍ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഖാസി ഹൗസിന്റെ താക്കോല്‍ സൂക്ഷിച്ച് കൈവശാവകാശം സംബന്ധിച്ച് തീരുമാനമെടുക്കുവാന്‍ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതെതുടര്‍ന്നാണ് സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് നടത്തിയ പരിശോധനക്കും തെളിവെടുപ്പുകള്‍ക്കും ശേഷമാണ് സുപ്രധാനമായ ഈ വിധി പ്രഖ്യാപിച്ചത്. ഖാസി ഹൗസിന്റെ താക്കോല്‍ അതിന്റെ അവകാശികളായ തിരൂരങ്ങാടി പള്ളി കമ്മിറ്റിക്ക് കൈമാറാനും ഉത്തരവില്‍ പറയുന്നു.

തന്നെ ഖാസിയായി നിയമിച്ചതിനോ ഖാസി ഹൗസിന്റെ അവകാശത്തില്‍ തനിക്ക് പങ്കുള്ളതിനോ അടിസ്ഥാനമായ രേഖകളൊന്നും അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ക്ക് ഹാജരാക്കാനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ 1300- വര്‍ഷത്തിലധികം പാരമ്പര്യമുള്ള തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റിയാണ് ഖാസി ഹൗസിന്റെ അധികാരികളെന്നതിന് വിവിധ ഔദ്യോഗിക രേഖകള്‍ ഹാജരാക്കാന്‍ കമ്മിറ്റിക്കു സാധിക്കുകയും ചെയ്തു.

ഞായര്‍ വൈകുന്നേരം 4ന് തിരൂരങ്ങാടി ഖാസി ഹൗസിലേക്ക് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയെ ആനയിക്കും. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയുടെ പരിസരത്തുള്ള പ്രഥമ ഖാസി അലി ഹസ്സന്‍ മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. ചടങ്ങില്‍ പ്രമുഖ സയ്യിദന്‍മാരും പണ്ഡിതരും കാരണവന്‍മാരും സംബന്ധിക്കും മെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എം.എന്‍ കുഞ്ഞി മുഹമ്മദ് ഹാജി (ജ. സെക്രട്ടറി, തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി),ഹസന്‍ സഖാഫി വെന്നിയൂര്‍
(സെക്രട്ടറി, തിരൂരങ്ങാടി ഖാസി ഹൗസ് കമ്മിറ്റി) പി.എം പൂക്കുഞ്ഞിക്കോയ തങ്ങള്‍, അബ്ദു റഊഫ് സഖാഫി സി.കെ നഗര്‍, സി.എച്ച് മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles