
മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.
കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു. കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തില്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ അവശനിലയില്‍ കണ്ടത്. കടുവയുടെ കഴുത്തിൽ ആഴത്തിൽ പഴക്കമുള്ള മുറിവുണ്ട്. അതിനാൽ, മരണ കാരണം കണ്ടെത്താൻ വിശദമായ പോസ്റ്റുമോർട്ടം നടത്തും.കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.
സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടിരുന്നു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




