Section

malabari-logo-mobile

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പുരുഷ വന്ധ്യത കൂട്ടുന്നു;ഡോ. അപര്‍ണ ജയ്‌റാം

HIGHLIGHTS : Thyroid problems increase male infertility

തൃശൂര്‍: ഹൈപോതൈറോയ്ഡ് കേസുകളുടെ വര്‍ധന ഇന്ത്യയില്‍ പുരുഷ വന്ധ്യത വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് പ്രമുഖ ഇമ്യൂണോളജിസ്റ്റും വന്ധ്യതാ വിദഗ്ധയുമായ ഡോ. അപര്‍ണ ജയ്‌റാം പറഞ്ഞു. കൃത്യസമയത്തുള്ള രോഗനിര്‍ണയത്തിലൂടെയും വൈദ്യ സഹായത്തിലൂടെയും വന്ധ്യതാ സാധ്യത കുറയ്ക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിവിധ ആശുപത്രികളിലേയും ലാബുകളിലേയും പാരാമെഡിക്കല്‍ പ്രൊഫഷനലുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും വേണ്ടി തൃശൂരില്‍ പാത്ക്വസ്റ്റ് ഡയഗ്‌നോസ്റ്റിക് സംഘടിപ്പിച്ച തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ (സിഎംഇ) പരിപാടിയില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബറേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍) ദേശീയ തല നിര്‍ണയ വിദഗ്ധ കൂടിയാണ് ഡോ. അപര്‍ണ.

പുരുഷന്‍മാര്‍ക്കിടയില്‍ ഹൈപോതൈറോയ്ഡ് കേസുകള്‍ വര്‍ധിച്ചു വരുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഹൈപോതൈറോയ്ഡ് വേഗത്തില്‍ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. ഇത് ശരിയായ ചികിത്സ ലഭ്യമാക്കാനും അതുവഴി പുരുഷ വന്ധ്യതാ സാധ്യത കുറയ്ക്കാനും സാധിക്കും. ഈ രോഗാവസ്ഥയെ കുറിച്ച് പാരാമെഡിക്കല്‍ പ്രൊഫഷനലുകളേയും ക്ലിനിക്കല്‍ ലാബ് വിദഗ്ധരേയും ബോധവല്‍ക്കരിക്കേണ്ടതും വളരെ പ്രധാനമാണ്, ഡോ. അപര്‍ണ പറഞ്ഞു.

ഇന്ത്യയില്‍ തൈറോയ്ഡ് രോഗികളുടെ എണ്ണം അതിവേഗം വര്‍ധിച്ചു വരികയാണ്. ഗ്രന്ഥി സംബന്ധമായ രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതാണ് തൈറോയ്ഡ് രോഗങ്ങളെന്നും കേരളത്തിലും സ്ഥിതി മറിച്ചല്ലെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ വീടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ഒരു പഠനത്തില്‍ ഏകദേശം പ്രായപൂര്‍ത്തിയായവരില്‍ 20 ശതമാനം പേരിലും തൈറോയ്ഡ് രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഈ രോഗ ബാധിതര്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നതില്‍ ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ശരീര ഭാരം കൂടുക, മാനസിക പ്രശ്‌നങ്ങള്‍, ത്വക്ക് നിറംമാറ്റം, മുടി കൊഴിച്ചില്‍ തുടങ്ങി അനുബന്ധ രോഗങ്ങള്‍ക്കും തൈറോയ്ഡ് കാരണമാകുന്നു. ഇത് തൈറോയ്ഡ് ചികിത്സയെ സങ്കീര്‍ണമാക്കുമെന്നും അവര്‍ പറഞ്ഞു.

മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നൂതന രോഗ നിര്‍ണയ സാങ്കേതികവിദ്യങ്ങളെ കുറിച്ച് പുതിയ അറിവ് പകരുന്ന പരിപാടിയാണ് സിഎംഇ. കേരളത്തിലുടനീളം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി മെഡിക്കല്‍ രംഗത്തുള്ളവര്‍ക്കു വേണ്ടി പാത്ക്വസ്റ്റ് ഡയഗ്‌നോസ്റ്റിക് വിവിധ വിഷയങ്ങളില്‍ തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. ആരോഗ്യ മേഖലയില്‍ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഏജന്‍സിയായ കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍സ് (സിഎഎച്ഒ) സെക്രട്ടറി കൂടിയാണ് ഡോ. അപര്‍ണ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!