
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് പരിശോധിക്കും. ഇന്നലെയാണ് 5 മാസത്തിന് ശേഷം അന്വേഷണം പൂര്‍ത്തിയാക്കി എഡിജിപി എം ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അന്ന് രാത്രിയുണ്ടായ സംഭവങ്ങള്‍ വിവരിച്ചുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആദ്യം നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്നലെ സീല്‍ വെച്ച കവറില്‍ 600 പേജുള്ള റിപ്പോര്‍ട്ട് മെസഞ്ചര്‍ വഴി സമര്‍പ്പിച്ചത്. എന്നാല്‍ ഡിജിപി ഓഫീസില്‍ ഇല്ലാത്തതിനാല്‍ ഇന്നലെ റിപ്പോര്‍ട്ട് പരിശോധിക്കാനായില്ല. 600 പേജുള്ള റിപ്പോര്‍ട്ടില്‍ അന്വേഷണ വിവരങ്ങളും മൊഴികളും ഉള്‍പ്പെടുന്നു. എഡിജിപിയുടെ സാന്നിധ്യം കൂടി ഉള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പൂരം അലങ്കോലപ്പെട്ടത് രാഷ്ട്രീയ വിവാദമായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് ജനത്തെ ബുദ്ധിമുട്ടിച്ചതും വിവാദമായി. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ചു പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായി.
രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലര്‍ച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തില്‍ നടത്തേണ്ടി വന്നു. തൃശൂര്‍ ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി ജയിച്ചതോടെ പൂരം അലങ്കോലപ്പെടുത്തിയത് ബിജെപിക്കുവേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നു. സിപിഐ അന്വേഷണം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




