Section

malabari-logo-mobile

അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രിതല സമിതി രൂപീകരിക്കാന്‍ തീരുമാനം

HIGHLIGHTS : Three phase committee by kerala government to deal inter state water issues

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന നദിജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേഗത്തിലും കൃത്യതയിലും തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാരിനാവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിന് ത്രിതല സമിതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അന്തര്‍ സംസ്ഥാന നദീജല സ്ട്രാജിക് കൗണ്‍സില്‍, അന്തര്‍ സംസ്ഥാന നദീജല മോണിറ്റിംഗ് കമ്മിറ്റി, അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്‍ എന്നിങ്ങനെയാണ് ഇത്. നിലവിലുള്ള അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്.

sameeksha-malabarinews

അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സിലില്‍ മുഖ്യമന്ത്രി ചെയര്‍മാനും ജലവിഭവ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും. വനം വകുപ്പ്, ഊര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎല്‍എമാരും രണ്ട് എംപിമാരും അംഗങ്ങളായിരിക്കും. ഇവരെകൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും സമിതിയില്‍ അംഗമാകും.

അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ കേരളത്തിന്റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ കൗണ്‍സില്‍ എടുക്കും. സുപ്രീം കോടതിയില്‍ അല്ലെങ്കില്‍ അന്തര്‍ സംസ്ഥാന നദീജല ട്രൈബ്യൂണലില്‍ വരുന്ന കേസുകള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സമിതി സ്വീകരിക്കും.

അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതികളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും സൂക്ഷ്മമായി നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കലും സമിതിയുടെ ചുമതലയാണ്. ചീഫ് സെക്രട്ടറി ചെയര്‍മാനായ അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റിയില്‍ ജലവിഭവ, ഊര്‍ജ്ജ, റവന്യൂ, വനം, കൃഷി, നിയമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളാവും. കെ.എസ്.ഇ.ബി ചെയര്‍മാനും അന്തര്‍ സംസ്ഥാന നദീജല ചീഫ് എന്‍ജിനീയറും അംഗങ്ങളായിരിക്കും.

അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനസമിതിയെ സഹായിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതല. നദീജല കരാറുകള്‍ സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇടപെടലുകള്‍ ഉറപ്പാക്കലും ചുമതലയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!