ആയിരം ദിനാഘോഷം-ജില്ലാതല പരിപാടികള്‍ക്ക്  നാളെ തിരൂരില്‍ തുടക്കമാവും

•    267 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
•    88 പുതിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും
•    മൂന്ന് പ്രധാന പദ്ധതികള്‍ മുഖ്യമന്തി ഉദ്ഘാടനം ചെയ്യും
ജനകീയ സര്‍ക്കാര്‍ വിജയകരമായ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മികവ്-ആയിരം ദിനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷങ്ങള്‍ക്ക് നാളെ മുതല്‍ (ഫെബ്രുവരി 20) തിരൂരില്‍ തുടക്കമാവും. തിരൂര്‍ നഗരസഭ സാംസ്‌കാരിക സമുച്ചയത്തില്‍ ഏഴ് ദിവസം നീളുന്നതാണ്  പരിപാടി. ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ നടപ്പിലാക്കിയ 267 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ 88 പുതിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു.
ഫെബ്രുവരി 20ന് കാലിക്കറ്റ്‌സര്‍വ്വകലാശാല ക്യാമ്പസില്‍ ഏഴുകോടി ചെലവില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിങ് പൂള്‍, ഫെബ്രുവരി 23 ന് ജില്ല പ്ലാനിങ് സമുച്ചയം തുടങ്ങിയവ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. പെരിന്തല്‍മണ്ണയില്‍ 400പേര്‍ക്ക് ഒരുങ്ങുന്ന ഭവന സമുച്ചയത്തിന്റെ തറക്കില്ലടല്‍ ചടങ്ങും മുഖ്യമന്തി നിര്‍വഹിക്കും.
ആഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 20 വൈകീട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. സി.മമ്മുട്ടി എം.എല്‍.എ അധ്യക്ഷനാവും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ മറ്റ് എം.എല്‍.എമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ഘോഷയാത്ര നടക്കും.  വൈകീട്ട് മൂന്നിന് താഴെപാലം സ്റ്റേഡിയത്തില്‍ നിന്നും തുടങ്ങി സാംസ്‌കാരിക സമുച്ചയത്തില്‍ അവസാനിക്കുന്ന ഘോഷയാത്രയില്‍ ജില്ലയുടെ സാംസ്‌കാരിക കലാപൈതൃകം വിളിച്ചോതുന്ന കളരിപ്പയറ്റ്, നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഉണ്ടാവും. വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന 80-ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കുന്നത്. അതില്‍ 35 സ്റ്റാളുകള്‍ കുടുംബ ശ്രീയുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സ്റ്റാളുകളാണ്. കൂടാതെ അഞ്ച് ഫുഡ്‌കോര്‍ട്ടുകളും ഒരുക്കും. മലബാറിന്റെ നാടന്‍ രുചിക്കൂട്ടുകളുമായി കുടുംബശ്രീ ഒരുക്കുന്ന ഉമ്മാന്റെ വടക്കിനി, ചക്ക മഹോത്സവം, ഫിഷറീസ് വകുപ്പിന്റെ സീഫുഡ് കിച്ചന്‍ എന്നിവ  മേളയിലെത്തുന്നവര്‍ക്ക് പുതു രുചികള്‍ സമ്മാനിക്കും.  പരിപാടിയുടെ ഭാഗമായി പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും സാംസ്‌കാരിക സദസ്സുകളും സംഘടിപ്പിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. പ്രശസ്ത ഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യയും, ദേശീയ പുരസ്‌കാര ജേതാവ് സുരഭിയുടെയും വിനോദ്‌കോവൂരിന്റെയും കൂട്ടുകെട്ടില്‍ അവതരിപ്പിക്കുന്ന കോമഡി ഷോയുമെല്ലാം  സായാഹ്ന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ആയിരം ദിനാഘോഷത്തിനായി പ്രത്യേകം തയ്യാറാക്കിയ ലോഗോ കലക്ടര്‍ അമിത് മീണ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വജിന് നല്‍കി പ്രകാശനം ചെയ്തു. കലക്ടറേറ്റില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എ.ഡി.എം സയ്യിദ് അലി, തിരൂര്‍ ആര്‍.ഡി.ഒ മെഹറലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles