സ്വന്തം അഭിപ്രായം തുറന്നുപറയുന്നതിന്റെ പേരില്‍ എഴുത്തുകാരെ അധിക്ഷേപിക്കുന്നവര്‍ ജനാധിപത്യവിശ്വാസികളല്ല: കെ ആര്‍ മീര

HIGHLIGHTS : Those who abuse writers for expressing their opinions are not democrats: KR Meera

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ചതിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ മറുപടിയുമായി എഴുത്തുകാരി കെ ആര്‍ മീര. എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തില്‍ പ്രതിധ്വനിക്കുമെന്ന് മീര പറഞ്ഞു. തന്റെ രാഷ്ട്രീയവും നിലപാടുകളും തന്റെ രചനകളിലുണ്ടെന്നും സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട് പരസ്യപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് എഴുത്തുകാരാണെന്നും മീര കുറിച്ചു. ‘എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നു പറയുന്നവര്‍ അറിയാന്‍,’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് മീര പ്രതികരിച്ചത്.

ജനാധിപത്യവ്യവസ്ഥയില്‍, ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കാനുള്ള അവകാശം എഴുത്തുകാര്‍ക്ക് നിഷേധിക്കാനോ എഴുത്തുകാര്‍ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കണമെന്ന് നിര്‍ബന്ധിക്കാനോ ആര്‍ക്കും അധികാരമില്ലെന്ന് കെ ആര്‍ മീര പറഞ്ഞു. എഴുത്തുകാര്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുന്നവര്‍ ജനാധിപത്യവിശ്വാസികളല്ല.

ലോക ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങള്‍ക്കും ചാലകശക്തിയായി എഴുത്തുകാരും അവരുടെ കൃതികളും ഉണ്ടായിരുന്നു. ഇനിയും അത് തുടരും. സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെയും എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും പൂര്‍ണ്ണപൗരത്വമാണ് തന്റെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും മാര്‍ഗദീപമെന്നും അവര്‍ പറഞ്ഞു.

‘സ്ത്രീവിരുദ്ധതയാണ് എല്ലാത്തരം ഫാസിസത്തിന്റെയും തുടക്കം എന്നു വിശ്വസിക്കുന്നവര്‍ക്ക് എന്നോടൊപ്പം നില്‍ക്കാം, അവരോടൊപ്പം ഞാനും നില്‍ക്കുന്നു. ജനാധിപത്യമര്യാദകള്‍ വാക്കിലും പ്രവൃത്തിയിലും പാലിക്കാത്തവരും പുരോഗമനാശയങ്ങളെ തള്ളിപ്പറഞ്ഞ് സമൂഹത്തെ പിന്നോട്ടു നയിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും കക്ഷികളില്‍നിന്നും അകന്നുനില്‍ക്കാന്‍ ശ്രദ്ധിക്കുന്നു. മിണ്ടാതിരുന്നാല്‍ എല്ലാവരുടെയും നല്ലകുട്ടിയാകാം. ഇനി അഥവാ മിണ്ടിയാല്‍ത്തന്നെ, മാധ്യമങ്ങള്‍ ആരുടെ പക്ഷത്താണോ അവര്‍ക്കു വേണ്ടി നിലകൊണ്ടാലും പേടിക്കാനില്ല. പക്ഷേ, മെച്ചപ്പെട്ട ലോകം സ്വപ്നം കാണുന്ന പുതിയ തലമുറയെ മുന്നില്‍ക്കാണുന്നു. അവര്‍ക്കെങ്കിലും യഥാര്‍ത്ഥ ജനാധിപത്യം അനുഭവിക്കാന്‍ അവസരമുണ്ടാകണമെന്ന് ആഗ്രഹമുണ്ടാകുന്നു’, മീര പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!