സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി 25 കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. ഇത്തവണ 5,34, 670 പേര്‍ക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം 3,97,911 പേര്‍ക്കായിരുന്നു സമ്മാനം നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്. ബംപര്‍ ലോട്ടറിയുടെ പ്രകാശനം മന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.
സമ്മാനാര്‍ഹരുടെ എണ്ണത്തിലെ വര്‍ധന ഭാഗ്യക്കുറിയുടെ ജനകീയത കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 7000 കോടി രൂപ സമ്മാന തുകയായി പ്രതിവര്‍ഷം ലോട്ടറി വകുപ്പ് അനുവദിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവനോപാധിയുമാണ്. കാരുണ്യ പോലെയുള്ള ചികില്‍സാ പദ്ധതികള്‍ക്കും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനം പ്രയോജനപ്പെടുത്തുന്നു.
സാമ്പത്തിക അഭിവൃദ്ധിയുടെ പ്രതീകമെന്ന നിലയിലാണ് പച്ചക്കുതിരയെ ഭാഗ്യചിഹ്നമാക്കിയത്. ലോട്ടറി മേഖലയില്‍ തൊഴിലെടുക്കുന്ന ശാരീരിക പരിമിതികളുള്ളവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ലോട്ടറി ഓഫീസുകള്‍ പരമാവധി താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിനും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് പി.പി കുഞ്ഞികൃഷ്ണനെ മന്ത്രി ബാലഗോപാല്‍ ആദരിച്ചു. സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായ പച്ചക്കുതിരയുടെ ഒറിഗാമി മോഡല്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ സ്വാഗതം ആശംസിച്ചു. ജോയിന്റ് ഡയറക്ടര്‍ മനോജ് നന്ദി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




