തിരൂരങ്ങാടിയില്‍ യുഡിഎഫ് പ്രകടനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരൂരങ്ങാടി : യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ പ്രകടനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വെന്നിയൂരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ അനസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് തിരൂരങ്ങാടിയില്‍ നടന്ന യുഡിഎഫ് പ്രതിഷേധപ്രകടനത്തിന് നേരെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

കുറച്ച് ദിവസം മുന്‍പ് കെപിസിസി അംഗം എംഎന്‍ കുഞ്ഞിമുഹമ്മദ് ഹാജി പൊന്നാനി ഇടതു സ്ഥാനാര്‍ത്ഥി പിവി അന്‍വറുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് ആരോപിച്ച് വെന്നിയൂരില്‍ വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി തടയുകയും രൂക്ഷമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതേ തുടര്‍ച്ചയെന്നോണം ഞായറാഴ്ച രാത്രിയില്‍ എംഎനെ തടയാന്‍ നേതൃത്വം നല്‍കിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ വെന്നിയൂരില്‍ വെച്ച് ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു്. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ തിരൂരങ്ങാടിയില്‍ പ്രതിഷേധപ്രകടനം നടന്നത് . ഇതില്‍ എംഎന്‍ കുഞ്ഞിമുഹമ്മദ് ഹാജിക്കെതിരെയും മുദ്രാവാക്യം വിളികളുയര്‍ന്നു.

ഇതോടെയാണ് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ക്കെതിരെ മുദ്രാവാക്യവുമായി നിലയുറപ്പിച്ചത്. യുഡിഎഫിനേയും രാഹുല്‍ഗാന്ധിയേയും, എംഎന്‍ കുഞ്ഞഹമ്മദ് ഹാജിയേയും അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച ഇവര്‍ പ്രതിഷേധക്കാരോട് വീട്ടില്‍ കിടന്നുമരിക്കില്ല
എന്നും പറയുന്നുണ്ടായിരുന്നു. തിരൂരങ്ങാടിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പട്ടാളത്തില്‍ ഹംസയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.

ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ സമയത്ത് പ്രതിഷേധപ്രകടനത്തിലുമുണ്ടായിരുന്നു. കനത്ത പോലീസ് സാനിധ്യമാണ് സംഘര്‍ഷം ഒഴിവാകാനിടയായത്.

Related Articles