വിവാദ മദ്യസല്‍ക്കാരം; തിരൂരങ്ങാടി ആര്‍ടി ഓഫീസിലെ രണ്ട് എംവിഐമാരെ സസ്‌പെന്റ് ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഏജന്റുമാരും നടത്തിയ വിവാദസല്‍ക്കാരത്തിന്റെ പേരില്‍ തിരൂരങ്ങാടി മോട്ടോര്‍ വാഹന ഓഫീസിലെ രണ്ട് എം വി ഐ മാരെ സസ്‌പെന്‍ഡ് ചെയ്തു. സുനില്‍ ബാബു, ബെന്നി വര്‍ഗീസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ തലപ്പാറയിലെ പ്രമുഖ ഹോട്ടലില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റ് മാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മദ്യ സല്‍ക്കാരം ഏറെ വിവാദമായിരുന്നു. സല്‍ക്കാരം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി ആവിശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരൂരങ്ങാടി ആര്‍ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ഇതെതുടര്‍ന്ന് സംഭവത്തില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തൃശ്ശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം സുരേഷിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തിരൂരങ്ങാടിയില്‍ എത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകുന്നേരത്തോടെ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

Related Articles