നാഥനില്ലാതെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രി ഡോക്ടര്‍മാര്‍-36, ഇന്നലെ ഡ്യൂട്ടിയില്‍ ഒന്‍പത് പേര്‍ മാത്രം

തിരൂരങ്ങാടി: വര്‍ഷങ്ങളായി നാഥനില്ലാതെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രി. മൊത്തം 36 ഡോക്ടര്‍മാരുള്ള ആസ്പത്രിയില്‍ അധിക ദിവസങ്ങളില്‍ ജോലിയില്‍ ഹാജറാകുന്ന പത്തില്‍ താഴെ പേര്‍ മാത്രമെന്ന് ആക്ഷേപം. ഇന്നലെ ഒന്‍പത് പേര്‍ മാത്രമാണ് ജോലിയിലുണ്ടായിരുന്നത്. കോവിഡ് ഒ.പിയില്‍ രണ്ട്, പല്ല് ഒ.പി ഒന്ന്, ജനറല്‍ വിഭാഗം രണ്ട്, കാഷ്യാല്‍റ്റി രണ്ട്, ഡ്യൂട്ടി എം.ഒ രണ്ട് എന്നിങ്ങനെയാണ് ആസ്പത്രിയുടെ ഒ.പി ബ്ലോക്കില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച ബോര്‍ഡിലുള്ള ഡോക്ടര്‍മാര്‍.

നിലവില്‍ കോവിഡ് ചികില്‍സക്കായി പത്ത് ഡോക്ടര്‍മാര്‍, ഗൈനക്കോളജി നാല്, കുട്ടികളുടെ വിഭാഗം മൂന്ന്, എല്ല് രണ്ട്, ഇ.എന്‍.ടി ഒന്ന്, തൊലി ഒന്ന്, സര്‍ജന്‍ ഒന്ന്, ഫിസിഷ്യന്‍ ഒന്ന്, അനസ്ത്യേഷ്യന്‍ ഒന്ന്, മാനസിക രോഗം ഒന്ന്, പല്ല് രണ്ട്, കണ്ണ് ഒന്ന്, ക്യാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസേഴ്സ് നാല്, അസിസ്റ്റന്റ് സര്‍ജന്‍ അന്‍ഡ് ആര്‍.എം.ഒ അഞ്ച് എന്നിങ്ങനെയാണ് ഡോക്ടര്‍മാരുള്ളത്. ഇതില്‍ ഇന്നലെ സ്പെഷ്യലിസ്റ്റ് ഒ.പിയായി ഉണ്ടായിരുന്നത് പല്ല് വിഭാഗം മാത്രം.

ഇവിടെ 2018, 2019 വര്‍ഷങ്ങളില്‍ പത്ത് ലക്ഷത്തിന് മുകളിലായിരുന്നു ഒ.പി. കോവിഡിനൊപ്പം ആസ്പത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും കെടുകാര്യസ്ഥത കൂടിയായതോടെ പണച്ചെലവുണ്ടെങ്കിലും രോഗികള്‍ സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. മീന്‍ മുറിക്കുമ്പോള്‍ കത്തി തട്ടി കൈ വിരല്‍ മുറിഞ്ഞാല്‍ പോലും മെഡിക്കല്‍ കേളേജിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതിയാണ് താലൂക്ക് ആസ്പത്രിയിലുള്ളത്. മാത്രവുമല്ല പല്ല് വേദനക്കെത്തിയാല്‍ എല്ലിന്റെ ഡോക്ടറെ കാണേണ്ട അവസ്ഥ. കാഴ്ച്ചക്ക് ചികില്‍സക്കെത്തിയാല്‍ കുട്ടികളുടെ ഡോക്ടറെ കണ്ട് മടങ്ങേണ്ട ഗതികേട്. അങ്ങനെ താലൂക്ക് ആസ്പത്രിയെ ഉപേക്ഷിക്കേണ്ട ഗതികേടിലേക്ക് ജനമെത്തി.

ഇന്ന് പ്രദേശത്തെ സ്വകാര്യ ആസ്പത്രികളില്‍ രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയാണുള്ളത്. അഡ്മിറ്റ് ചെയ്ത രോഗികള്‍ക്ക് പോലും റൂമോ ബെഡ് സ്പെയ്സോ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്വകാര്യ ആസ്പത്രികള്‍. എന്നാല്‍ എല്ലാ സൗകര്യങ്ങളുമുള്ള താലൂക്ക് ആസ്പത്രിയെ ജനം കൈ ഒഴിഞ്ഞു. കാരണം ജീവനക്കാരുടെ നിസ്സംഗതയാണ്.
ദിവസക്കൂലി ഇനത്തില്‍ ആസ്പത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എച്ച്.എം.സിയില്‍ നിന്നായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ഒ.പി ടിക്കറ്റിലും മറ്റും വരുമാനം നിലച്ചതോടെ നിത്യചിലവിന് പോലും പണമില്ലെന്ന വ്യാവലാതിയാണ് പരാതിയുമായെത്തുന്നവരോട് ആസ്പത്രി അധികൃതര്‍ പറയുന്നത്.

ആസ്പത്രിയുടെ കാര്യങ്ങള്‍ കൃത്യമായി മുന്നോട്ട് കൊണ്ട് പോകാന്‍ സുപ്രണ്ടിനെ നിയമിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആകെയുള്ള കണ്ണിന്റെ ഡോക്ടര്‍ക്ക് സുപ്രണ്ടിന്റെ ചാര്‍ജ്ജും എല്ലിന്റെ റണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് കോവിഡ് ചാര്‍ജ്ജും നല്‍കിയതും ആസ്പത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിച്ചു.

ഡോക്ടര്‍മാര്‍ ജോലിക്കെത്താത വിഷയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആസ്പത്രി സുപ്രണ്ട് ഇന്‍ചാര്‍ജ്ജ് എന്നിവര്‍ക്ക് നിവേദനം നല്‍കി. ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും രണ്ട് ഡോട്കര്‍മാരൊഴികെ മറ്റെല്ലാ ഡോക്ടര്‍മാരും ഡ്യൂട്ടിയിലുണ്ടെന്ന് പരാതിയുമായെത്തിയ മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ്, നവാസ് ചെറമംഗലം, അലി കുന്നത്തേരി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സുപ്രണ്ട് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top