കോണ്‍ഗ്രസ് നേതാവ് എം എന്‍ കുഞ്ഞഹമ്മദ് ഹാജിയെ തടഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണശ്രമം

തിരൂരങ്ങാടി: പൊന്നാനിയിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി കാറില്‍ മടങ്ങിയ കെ പി സി സി അംഗവും യു ഡി ഫ് തിരൂരങ്ങാടി മണ്ഡലം ചെയര്‍മാനുമായ എം എന്‍ കുഞ്ഞഹമ്മദ് ഹാജിയെ വഴിയില്‍ തടഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണ ശ്രമമെന്ന് പരാതി.
വെന്നിയൂര്‍ കരിമ്പനക്കല്‍ അനസി (27) നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം അനസിന്റെ കാര്‍ തടഞ്ഞ് ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെത്രെ. കാര്‍ അതിവേഗം പിന്നോട്ടെടുത്ത് അനസ് രക്ഷപ്പെടുകയായിരുന്നു. ആദ്യം സംഘം പിന്തുടര്‍ന്നെങ്കിലും പിന്നീട് രക്ഷപ്പെട്ടുവെന്നും അനസ് പറയുന്നു.

മാരകായുധങ്ങളുമായി കാറില്‍ നിന്നു ചാടിയിറങ്ങിയായിരുന്നു ആക്രമണ ശ്രമമെന്ന് അനസ് തിരൂരങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്നു രാവിലെ തിരൂരങ്ങാടിയില്‍ പ്രകടനം നടത്തി. യത്തീംഖാന പരിസരത്ത് നിന്ന് തുടങ്ങി തിരൂരങ്ങാടിയില്‍ സമാപിച്ചു. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു പ്രതിഷേധം. പൊലീസ് അന്വേഷണം തുടങ്ങി.

രണ്ടാഴ്ച മുമ്പായിരുന്നു വെന്നിയൂരില്‍ പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞ് എം എന്‍ കുഞ്ഞഹമ്മദ് ഹാജിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്. തടയുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടൗണ്‍ ലീഗ് കമ്മിറ്റി സെക്രട്ടറിയാണ് അനസ്.

Share news
error: Content is protected !!
Scroll to Top