തിരൂരങ്ങാടിയില്‍ഓടയിലെ മണ്ണ് റോഡില്‍ തള്ളി; ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു

തിരൂരങ്ങാടി: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓട പൊളിച്ചു നീക്കിയ മണ്ണ് റോഡില്‍ നിന്ന് നീക്കം ചെയ്യാത്തതിന് തുടര്‍ന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയും മുന്‍സിപ്പല്‍ സെക്രട്ടറി വഴിയില്‍ തടയുകയും ചെയ്തു.

തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ ഓടയാണ് നഗരസഭയുടെ നേതൃത്വത്തില്‍ തുറന്ന് പാതിവഴിയിലിട്ട് പ്രദേശത്തുകാരുടെ ദുരിതത്തിലാക്കിയത്. പരപ്പനങ്ങാടി- മലപ്പുറം മെയിന്‍ റോഡില്‍ നിന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളിലകാട്, ഈസ്റ്റ് ബസാര്‍, പള്ളിപ്പറമ്പ്, തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന റോഡാണ് ഒരാഴ്ചയിലധികമായി താറുമാറായി കിടക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ലാബ് നീക്കംചെയ്ത് മണ്ണും, സ്ലാബ് റോഡില്‍ തന്നെ ഇട്ടതോടെ ഓട അടഞ്ഞത് കാരണം മഴവെള്ളം കെട്ടി നില്‍ക്കുകയും പ്രദേശത്തെ കിണറുകള്‍ മലിനമാക്കുകയും ഗതാഗത തടസ്സവും രൂക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്.

ഓടയിലേക്ക് മലിനജലം വിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുക, ഓടയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രദേശത്തെ ഭരണപക്ഷ കൗണ്‍സിലറായ പട്ടാളത്തില്‍ ഹംസ യുടെയും പ്രതിപക്ഷ കൗണ്‍സിലറായ കെ വി മുംതാസിന്റെയും നേതൃത്വത്തില്‍ സ്‌കൂള്‍ റോഡ് ഉപരോധിക്കുകയും അതിനിടെ ഓഫീസിലേക്ക് പോകുകയായിരുന്ന നഗരസഭാ സെക്രട്ടറിയെ വഴിയില്‍ തടയുകയും ചെയ്തു. ഉപരോധ സമയത്ത് തൊട്ടടുത്ത സ്വകാര്യ സ്ഥാപനത്തില്‍ നിന്നും മലിനജലം ഓടയിലേക്ക് വിടുന്നത് നഗരസഭാ സെക്രട്ടറി കാണിച്ചുകൊടുക്കുകയും നടപടിയെടുക്കാമെന്ന് സെക്രട്ടറി അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്ദര്‍ശിക്കാതെ സെക്രട്ടറിയെ പോകാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാട് സമരക്കാര്‍ സ്വീകരിച്ചതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി മലിനജലം ഒഴുകുന്ന സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഓടയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കും എന്നും അധികൃതര്‍ ഉറപ്പുനല്‍കി നല്‍കി.

നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നഗരസഭാ ഓഫീസിലേക്ക് സമരം മാറ്റുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top