കാര്‍ഷികമേഖലയ്ക്ക് കരുത്തായി പതിനാറുങ്ങലിലെ കര്‍ഷകസംഘം

തിരൂരങ്ങാടി:കര്‍ഷകരുടെ കരുത്തായിമാറുന്ന കേരള കര്‍ഷക സംഘം തിരൂരങ്ങാടി പതിനാറുങ്ങല്‍ യൂണിറ്റ് തീര്‍ക്കുന്നത് കൃഷിയിലെ മറ്റൊരു വിജയ ഗാഥയാണ്. സംഘത്തിന് കീഴില്‍ ഇറക്കിയ ജൈവ പച്ചക്കറി കൃഷിയില്‍ നിന്ന് മികച്ച വിളവാണ് ലഭിക്കുന്നത്. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുമാണ് പദ്ധതി തുടങ്ങിയതെന്ന് കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി എം പി ഇസ്മയില്‍ പറഞ്ഞു.

പൂത്തു നില്‍ക്കുന്ന ചിരങ്ങയും കുമ്പളവും വെണ്ടയും പയറും രണ്ടാം ഘട്ട വിളവെടുപ്പിനൊരുങ്ങി നില്‍ക്കുകയാണ്. രണ്ടേക്കറിലധികം വരുന്ന പതിനാറുങ്ങലിലെകര്‍ഷക സംഘമൊരുക്കിയ കൃഷിയില്‍ തലയെടുപ്പോടെ ഒരേക്കറില്‍ വാഴകളും നില്‍ക്കുന്നുണ്ട്. സംഘത്തിന് കീഴില്‍ 5 പേര്‍ നേതൃത്വം നല്‍കുന്ന ജൈവ പച്ചക്കറി കൃഷി മികച്ച വിളവിലൂടെ മുന്നേറുകയാണ്. തരിശായി കിടന്നിരുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് കേരള കര്‍ഷക സംഘം ഇന്ന് പച്ചപ്പിന്റെയും വിഷരഹതി പച്ചക്കറികളുടെയും കേന്ദ്രമാക്കി മാറ്റിയത്. മൂന്ന് മാസം മുന്‍പ് ആരംഭിച്ച കൃഷിയിലൂടെ ലഭിച്ച വിളവുകളുടെ ഗുണമേന്‍മ തിരച്ചറിഞ്ഞ തിരൂരങ്ങാടിയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ കൃഷി ഭവനിലെ എക്കോ ഷോപ്പില്‍ വില്‍പ്പന നടത്താന്‍ ആവശയ്പ്പെടുകയായിരുന്നു.

കൂടാതെ പരിസരപ്രദേശങ്ങളിലുള്ളവരും വാങ്ങാന്‍ നേരിട്ട് എത്തുന്നുണ്ട്. പുകയില കഷായമുപയോഗിച്ചുള്ള ജൈവ കീടനാശിനി പ്രയോഗത്തിലൂടെയും ചാണകം ചാരം തുടങ്ങിയ വളപ്രയോഗത്തിലൂടെയുമാണ് കാര്‍ഷിക മേഖലക്ക് കരുത്താകുന്ന പ്രവര്‍ത്തങ്ങള്‍ക്ക് സംഘം വേറിട്ട മാതൃകയാകുന്നത്. പച്ചക്കറി ഇനങ്ങള്‍ക്കൊപ്പം കക്കരിക്കയും തണ്ണിമത്തനും ഈ കൃഷിതോട്ടത്തിലുണ്ട്. പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിനൊപ്പം തിരൂരങ്ങാടി കൃഷി ഭവന്റെ മികച്ച പിന്തുണ കൃഷിക്ക് ലഭിക്കുന്നതായി സംഘത്തിലെ സെക്രട്ടറി എം.പി ഇസ്മായില്‍ പറഞ്ഞു. വിഷുവിന് തിരൂരങ്ങാടി മേഖലയ്ക്ക് ആവശ്യമായ പച്ചക്കറി എത്തിക്കാനും സ്വന്തമായി ഔട്ട്ലെറ്റ് തുടങ്ങുവാനു മുള്ള തയാറെടുപ്പിലാണ് കര്‍ഷ സംഘം.

Share news
error: Content is protected !!
Scroll to Top