തിരൂരങ്ങാടി: പൂക്കിപറമ്പില്‍ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ബീവറേജ് കോര്‍പ്പറേഷന്റെ മദ്യഷോപ്പ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ തെന്നല പഞ്ചായത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. പഞ്ചായത്തിലെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ദേശീയ പാതയിലൊഴികെ മറ്റെവിടെയും വാഹനങ്ങള്‍ ഓടുന്നില്ല. ഹര്‍ത്താലിന് ശേഷം വൈകീട്ട് പൂക്കിപറമ്പില്‍ പ്രതിഷേധ പ്രകടനവും, ജനകീയ സംഗമവും നടക്കും.
ഈ മദ്യ ഷോപ്പ് പൂട്ടുന്നതിനായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നു വരികയാണ്. സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യം നിരോധിക്കുന്നതിന്റെ ഭാഗമായി പൂട്ടുന്ന ഔട്ട് ലെറ്റുകളുടെ ആദ്യ ലിസ്റ്റില്‍ ഈ ഷാപ്പിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മുസ്ലീംലീഗിന്റെയും പോഷക സംഘടനകളുടെയും പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ച് വിട്ടിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വൈസ്പ്രസിഡന്റും പാര്‍ട്ടിക്ക് രാജികത്ത് കൈമാറിയിട്ടുമുണ്ട്.




