പരപ്പനങ്ങാടിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം;12 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

പരപ്പനങ്ങാടി:ചാപ്പപ്പടിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ അലമാറയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങളും 120000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ചാപ്പപ്പടി കളത്തിങ്ങല്‍ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാര്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്ച ഉച്ചക്ക് കോട്ടയം വൈക്കത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോയ വീട്ടുകാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നനകാര്യം മനസിലായത്. പൂട്ടിയിട്ടിരുന്ന ഗേറ്റ് തുറന്ന് അകത്തുകടന്നപ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്ന നിലയിലയിലും വീടിനകത്തെ അലമാരയിലെയും മറ്റും സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലുമായിരുന്നു. മുന്‍ ഭാഗത്തെ വാതിലിന്റെ ലോക്ക് അടര്‍ത്തിയാണ് മോഷ്ടാവ് അകത്ത് കടന്നത്.

വീടിന്റെ കോലായിലും വാതിലിന് സമീപത്തും സമീപത്തെ വീടിന്റെ പരിസരങ്ങളിലും മുളക് പൊടി വിതറിയിട്ടുമുണ്ട്.

രാവിലെ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും മുളക് വിതറിയതിനാല്‍ പരിശോധന നടന്നില്ല. അതെസമയം വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. കവര്‍ച്ച സംബന്ധിച്ച് പരപ്പനങ്ങാടി പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top