ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി ഷഹീന്‍ ബാഗിലെ പൊളിക്കല്‍ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ നിലത്തുകിടന്നു കോര്‍പറേഷന്‍ കൊണ്ടുവന്ന ബുള്‍ഡോസര്‍ തടഞ്ഞ് പ്രതിഷേധിച്ചു.
ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കെട്ടിടം പൊളിക്കലിനെതിരെയാണ് ഷഹീന്‍ബാഗിലെ പ്രദേശവാസികള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്നായിരുന്നു നേരത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര പൊലീസ് സേന ലഭ്യമാകാത്തത് കാരണം പൊളിക്കല്‍ തിങ്കളാഴ്ചയിലേക്ക് നീട്ടുകയായിരുന്നു.
അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണെന്നാരോപിച്ചാണ് ഷഹീന്‍ബാഗില്‍ ഭരണകൂടം ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ദല്‍ഹിയിലെ ജഹാംഗീര്‍പുരി എന്നിവിടങ്ങളിലും ഇത്തരത്തില്‍ പൊലീസ് സഹായത്തോടെ പൊളിച്ചുമാറ്റിയിരുന്നു.




