വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ ഉണ്ടായത് വലിയ രീതിയിലുള്ള തകര്‍ച്ച;മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിരവധി ഉരുള്‍പൊട്ടല്‍ ഉണ്ടായ വിലങ്ങാട് കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാല്‍ തകര്‍ച്ച വലിയ രീതിയിലുള്ളതാണെന്ന്
പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിലങ്ങാട് ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാടിന്റെ ഭീകരമായ ദുരന്തത്തിന് ഇടയില്‍ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയില്‍ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവന്‍ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും വീടുകളും കടകളും റോഡുകളും കലുങ്കുകളും പാലങ്ങളും കൃഷിയും നഷ്ടമായി. കോഴിക്കോട് ജില്ലാ കലക്ടര്‍ ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ വിശദ റിപ്പോര്‍ട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സ്ഥലം എംപി, എംഎല്‍എ,
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവരുമായി യോഗം ചേര്‍ന്ന് ആളുകളുടെ പുനരധിവാസ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
വിലങ്ങാട് ഏറ്റവും ഫലവത്തായ ഇടപെടല്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
പറഞ്ഞിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി.

പുനരധിവാസം തീരുമാനിക്കുന്നത് മുന്‍പ് ക്യാമ്പില്‍ കഴിയുന്നവരുടെ അഭിപ്രായം ആരായല്‍ പരമപ്രധാനമാണെന്നും അവരെ കേട്ടശേഷമേ പുനരധിവാസം എങ്ങനെ, എവിടെ വേണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാട് ടൗണ്‍, ഉരുട്ടി പാലം, മരണപ്പെട്ട കുളത്തിങ്കല്‍ മാത്യു മാസ്റ്ററുടെ വീട്,
മഞ്ഞച്ചീളി, പാലൂര്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം ഞായറാഴ്ച രാവിലെ സന്ദര്‍ശനം നടത്തി.

ഇപ്പോള്‍തന്നെ എംപി, എംഎല്‍എ, എന്നിവരുടെ പക്കല്‍ പുനരധിവാസത്തിന് സഹായവാഗ്ദാനം ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തും വാഗ്ദാനമായി മുന്നോട്ട് വന്നിട്ടുണ്ട്.
ഇതെല്ലാം കൂടി ഒരു ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി സ്‌പെഷ്യല്‍ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ അടിയന്തരമായി ചെയ്യും. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുമായി സംസാരിക്കും. ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തണമെങ്കില്‍ അത് ചെയ്യും. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കും.
വിലങ്ങാട് സാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും ദുരന്തത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലുമാണ് കാണുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

വിലങ്ങാടിന് വേണ്ടത് പ്രത്യേക പാക്കേജ് ആണെന്നും ഇക്കാര്യം മന്ത്രിയ്ക്ക് ബോധ്യപ്പെട്ടതായും ഷാഫി പറമ്പില്‍ എം പി പറഞ്ഞു. വായാട് കോളനിയിലേക്കുള്ള പാലം തകര്‍ന്നത് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതാണെന്ന് ഇ കെ വിജയന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
മേഖലയില്‍ ആളുകളുടെ സന്ദര്‍ശനം മൂലമുള്ള തിരക്ക് കാരണം കെഎസ്ഇബിക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല.
യന്ത്രസാമഗ്രികള്‍ എത്തിയാലേ വൈദ്യുതി പു:നസ്ഥാപനവും വീടുകളില്‍ വെള്ളം എത്തിക്കലും സാധ്യമാവുകയുള്ളൂ. ഇക്കാര്യം നാട്ടുകാര്‍ ശ്രദ്ധിക്കണം. മേഖലയില്‍ സൗജന്യറേഷന്‍ നടപ്പാക്കണമെന്നും എം എല്‍എ ആവശ്യപ്പെട്ടു.

നല്ല രീതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിവിധ വകുപ്പുകള്‍ വിശദമായി തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ഓരോ വകുപ്പിനും സംഭവിച്ച നഷ്ടം കണക്കാക്കിയുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഏകോപിച്ച് സര്‍ക്കാറിലേക്ക് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, വാണിമേല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ കപ്പള്ളി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര കെ കെ, വടകര ആര്‍ഡിഒ പി അന്‍വര്‍ സാദത്ത്,
വടകര തഹസില്‍ദാര്‍ എം ടി
സുരേഷ്ചന്ദ്ര ബോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി ഇ കെ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top