എടപ്പാള്‍ : വീട് കുത്തിത്തുറന്ന് അകത്തുകടന്ന കള്ളനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ. എടപ്പാള്‍ വട്ടംകുളം കാന്തള്ളൂര്‍ നെല്ലേക്കാട്ട് താമരപ്പിള്ളി സുരേന്ദ്രന്റെ വീട്ടിലെ വളര്‍ത്തു നായയായ ബ്രൂണോയാണ് മോഷ്ടാവിനെ തുരത്തിയോടിച്ച് ഹീറോയായിരിക്കുന്നത്.
സുരേന്ദ്രന്‍ വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ ഭാര്യ സിന്ധുവും, രണ്ടു മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള പഴയ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധം ഉപയോഗിച്ച് അടുക്കള ഭാഗത്തെ ഗ്രില്ല് കുത്തിത്തുറന്ന് വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഈ സമയത്ത് വീടിനകത്ത് കാല്‍പെരുമാറ്റം കേട്ട് അകത്ത് കിടന്നിരുന്ന ബ്രൂണോ മോഷ്ടാവിന് നേരെ കുരച്ച് എത്തുകയായിരുന്നു. ഇതോടെ മോഷ്ടാവ് മോഷണ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
സംഭവത്തില്‍ സിന്ധുവിന്റെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.




