അന്‍പത് പിന്നിട്ട ”ചെറുപ്പക്കാരുടെ” ഫുട്‌ബോള്‍ ടീം ഒരുങ്ങുന്നു

വേങ്ങര: 50 വയസ്സ് പിന്നിട്ട കാല്‍പന്ത് കളിക്കാരുടെ ടീം ഒരുങ്ങുന്നു. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ കുന്നുംപുറത്താണ് പ്രായത്തില്‍ ഹാഫ് സെഞ്ച്വറി അടിച്ച വ്യാപാരികളുടെ കിടിലം ടീം ഒരുങ്ങുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ വ്യത്യസ്ത ടര്‍ഫ് ക്വാര്‍ട്ടുകളില്‍ പരിശീലനം നടത്തുന്ന വ്യാപാരികള്‍ക്ക് പരിശീലനവും പിന്തുണയുമായി വ്യാപാരി യൂത്ത് വിങ് പ്രവര്‍ത്തകരാണ് കൂടെയുള്ളത്.

അമ്പതിനും എഴുപതിനുമിടയില്‍ പ്രായമുള്ള ഇരുപതോളം പേരാണ് ഓരോ ഞായറാഴ്ചയും ഫുട്ബാള്‍ ക്വാര്‍ട്ടില്‍ ഒത്തുചേരുന്നത്. എല്ലാവര്‍ക്കും കോര്‍ട്ടിലിറങ്ങുമ്പോള്‍ സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ ഉപേക്ഷിക്കേണ്ടി വന്ന കളിക്കാലം വീണ്ടെടുക്കാനുള്ള ആവേശമാണ്. കുട്ടിക്കാലത്തുപോലും ലഭിക്കാത്ത മാനസികോല്ലാസമാണ് കളിയിലൂടെ ലഭിക്കുന്നതെന്നും അലസമായ ഞായറാഴ്ചകള്‍ക്ക് പകരം ഊര്‍ജസ്വലമായ വാരാന്ത്യമാണ് ഇപ്പോള്‍ കളിയിലൂടെ അനുഭവിക്കുന്നതെന്നും കൂട്ടത്തില്‍ മുതിര്‍ന്ന എ.പി. ബാവ അഭിപ്രായപ്പെട്ടു.

50 പിന്നിട്ട് ജീവിത്തിന്റെ സായാഹ്നം കച്ചവടത്തിനപ്പുറം കാല്‍പ്പന്തു കളിയിലും കഴിവ് തെളിയിച്ച വ്യാപാരികളെ അഭിനന്ദിക്കാന്‍ എ.ആര്‍. നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലിയാഖത്തലി ക്വാര്‍ട്ടിലെത്തി. റഷീദ്, അഷ്‌കര്‍ തറയില്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. കെ.കെ.മൊയ്തീന്‍കുട്ടി, മജീദ് കുന്നുമ്മല്‍, ഹുസൈന്‍ ഹാജി, എസ്.കെ. സൈതലവി ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top